തൊടുപുഴ : ക്രിസ്മസ് ആഘോഷത്തിനിടയിൽ പടക്കവും പൂത്തിരിയും മത്താപ്പൂവും പൊട്ടിത്തറിച്ച് ഒട്ടേറെ പേർക്ക് പരിക്ക്. മുൻ വർഷങ്ങളെക്കാളുപരി ഈ വർഷം വിവിധ ആശുപത്രികളിലായി നിരവധി പേർ ചികിൽസ തേടി.
തൊടുപുഴ മേഖലയിലെ സ്വകാര്യ ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കൂടുതൽ പേരും ചികിത്സയ്ക്ക് തേടിയെത്തിയത്. പടക്കം പൊട്ടിത്തെറിച്ച് ഒരു കുട്ടിയുടെ മുഖത്തും കണ്ണിനും പരിക്കേറ്റു. സാധാരണ അപകടം സംഭവിക്കാത്ത മത്താപ്പു കത്തിച്ചപ്പോൾ പൊട്ടിത്തറിച്ചാണ് കുട്ടിയുടെ മുഖത്ത് പരിക്കേറ്റത്.
മുതലക്കോടത്ത് ബന്ധു വീട്ടിലെത്തിയ പത്തു വയസുകാരനാണ് അപകടത്തിൽ പരിക്കേറ്റത്. വീടിനു സമീപത്തും മറ്റും താമസിക്കുന്നവർ ക്രിസ്മസ് ദിനത്തിൽ ഒത്തു ചേർന്ന് മത്താപ്പു കത്തിക്കുന്നതിനിടെ സമീപത്തുനിന്ന കുട്ടിക്ക് ഇതു പൊട്ടിത്തറിച്ച് പരിക്കേൽക്കുകയായിരുന്നു.
കുട്ടിയെ ആദ്യം മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും പ്രവേശിപ്പിക്കുകയായിരുന്നു. മുഖത്തെ പരിക്കിനു പുറമെയാണ് കാഴ്ചയെ ബാധിക്കുന്ന തരത്തിൽ കണ്ണിനു പരിക്കേറ്റിരിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ രണ്ടു പേരും മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പത്തു പേരും തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ അഞ്ചുപേരും ഇത്തരത്തിൽ പരിക്കേറ്റ് ചികിൽസ തേടി.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ പടക്കവും മത്താപ്പു, കന്പിത്തിരി, തുടങ്ങിയവ കത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. സാധാരണ മത്താപ്പു, കന്പിത്തിരി, ലാത്തിരി തുടങ്ങി വർണം വിതറുന്നവയിൽ നിന്നും അപകടം പതിവില്ലായിരുന്നു. എന്നാൽ ഇത്തവണ ഇത്തരം പടക്കങ്ങൾ കത്തിച്ചപ്പോഴാണ് കൂടുതൽ പേർക്കും പരിക്കേറ്റതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജീവഹാനി സംഭവിച്ചില്ലെങ്കിലും പലർക്കും സാരമായി പൊള്ളലേറ്റു. ജില്ലയ്ക്കു പുറത്തുള്ള ചില ആശുപത്രികളിലും പലരും ചികിൽസ തേടിയിട്ടുണ്ട്.
ജില്ലയുടെ പല മേഖലകളിലും ഇത്തവണ പടക്കക്കടകൾ സജീവമായിരുന്നു. കൂടുതലും വഴിയോരക്കച്ചവടമാണ് പൊടിപൊടിച്ചത്. തൊടുപുഴയിലെ വിവിധ ഭാഗങ്ങളിൽ റോഡിന്റെ വശങ്ങളിലായി അനധികൃതമായി പടക്കവിൽപ്പനശാലകൾ വ്യാപകമായിരുന്നു. ശിവകാശിപ്പടക്കങ്ങളെന്ന പേരിലാണ് പടക്കകടകൾ ക്രിസമസ്, ന്യൂഇയർ കാലങ്ങളിൽ കൂണു പോലെ ഉയരുന്നത്.
ലൈസൻസുള്ള സ്ഥാപനങ്ങളിൽ പോലും ഗുണമേൻമയില്ലാത്ത ഉത്പന്നങ്ങൾ ക്രിസ്മസ്, ന്യൂഇയർ കച്ചവടം പ്രതീക്ഷിച്ച് വൻതോതിലാണ് സംഭരിച്ചിരുന്നതെന്നും പറയപ്പെടുന്നു. വലിയ തോതിൽ ലഭിക്കുന്ന ലാഭമാണ് ഇത്തരത്തിൽ സുരക്ഷയില്ലാത്ത നിയമാനുസൃതമല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പന സജീവമാകാൻ കാരണം. അധികൃതരുടെ മൗനാനുവാദവും ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കുണ്ടെന്നാണ് വസ്തുത.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പടക്കക്കടകളിൽ നിന്നും ചൈനീസ് പടക്കമെന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ഉത്പന്നങ്ങളാണ് പൊട്ടിത്തെറിക്കുന്നത്. ഇത്തരം ഉത്പന്നങ്ങളുടെ ഗുണമേന്മയെ കുറിച്ച് അധികാരികൾക്കുപോലും അറിയില്ല.
ഇതിനിടെ തൊടുപുഴയിൽ മണക്കാട് ജംഗ്ഷനിൽ പ്രവർത്തിച്ചു വന്നിരുന്ന പടക്ക വിൽപ്പനശാല തഹസീർദാർ കെ.എം.ജോസുകുട്ടിയുടെ നേതൃത്വത്തിൽ അടപ്പിച്ചു. ഇവിടെ നിന്നും വാങ്ങിയ പടക്കമാണ് പൊട്ടിത്തെറിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ സ്ഥാപനത്തിന് ലൈസൻസ് ഉണ്ടെന്നും ഇവിടെ നിന്നും വാങ്ങിയ പടക്കമാണോ അപകടത്തിനിടയാക്കിയതെന്ന് അന്വേഷണം നടത്തുമെന്നും തഹസീൽദാർ അറിയിച്ചു.