കോട്ടയം: ശബരിമല തീർഥാടകരുടെ എണ്ണത്തിനൊപ്പം വരുമാനവും ഉയർന്നു. കെഎസ്ആർടിസിക്കു കഴിഞ്ഞ വർഷത്തേക്കാൾ വരുമാനത്തിൽ അരക്കോടിയുടെ വർധനയുണ്ടായി. കഴിഞ്ഞ വർഷം മണ്ഡല സീസണ് അവസാനിക്കാറായപ്പോഴേക്കും 1.10 കോടി രൂപയായിരുന്നു കോട്ടയം ഡിപ്പോയുടെ വരുമാനമെങ്കിൽ ഇത്തവണ 1.60 കോടി രൂപയായി ഉയർന്നു.
അരക്കോടി രൂപയുടെ വർധനവാണുള്ളത്. 60 സർവീസുകളാണ് ഒരു ദിവസം കോട്ടയത്തുനിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. മകരവിളക്കു സീസണിൽ കൂടുതൽ ബസുകൾ ഓപ്പറേറ്റ് ചെയ്യാനാണു തീരുമാനം. 10 ബസ് കൂടി അധികമായി ഡിപ്പോയ്ക്കു ലഭിച്ചേക്കും. നൂറു സർവീസുകൾ നടത്തിയ ദിവസങ്ങളുമുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണു സർവീസ് 100 വരെയായി ഉയർന്നത്. സമരങ്ങളെ തുടർന്നു കഴിഞ്ഞവർഷം അയ്യപ്പഭക്തരുടെ വരവ് കുറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ അവസാനം വരെ കോട്ടയത്തുനിന്നും കെഎസ്ആർടിസിയെ ആശ്രയിച്ചത് 1.19 ലക്ഷം അയ്യപ്പൻമാരായിരുന്നുവെങ്കിൽ ഇത്തവണ 10.80 ലക്ഷം അയ്യപ്പൻമാർ കെഎസ്ആർടിസി വഴി സന്നിധാനത്ത് എത്തി. ഇവരിൽ നാൽപ്പതു ശതമാനത്തിനു മുകളിലുള്ളവരും ഇതര സംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തരാണ്.
നവംബർ 17 മുതലാണു കോട്ടയം ഡിപ്പോയിൽനിന്നും മണ്ഡലകാല സർവീസുകൾ ആരംഭിച്ചത്. 35 ബസുകളാണ് ആദ്യഘട്ടത്തിൽ ഡിപ്പോയ്ക്കായി അനുവദിച്ചത്. കൂടുതൽ ബസുകൾ അനുവദിക്കണമെന്നു ഡിപ്പോ അധികൃതർ വ്യക്തമാക്കിയെങ്കിലും കൂടുതൽ ബസുകൾ ലഭിച്ചില്ല.
മണ്ഡലകാലം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇതുവരെയും കൂടുതൽ സർവീസുകൾ ലഭിച്ചിട്ടില്ല. പല ദിവസങ്ങളിലും തിരക്കേറുന്പോൾ ഇതര സർവീസുകൾ പിൻവലിച്ചു സർവീസ് ഓപ്പറേറ്റ് ചെയ്യുകയായിരുന്നു. ചില ദിവസങ്ങളിൽ ആവശ്യത്തിനു ബസ് ഇല്ലാതിരുന്നതു പ്രതിഷേധത്തിനു ഇടയാക്കി.
60 മുതൽ 75 സർവീസുകൾ വരെയാണു കോട്ടയത്തുനിന്നും പന്പ സ്പെഷൽ എന്ന പേരിൽ ഓപ്പറേറ്റ് ചെയ്യുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസുകൾ കൂടുതൽ അയയ്ക്കുന്നത്. അഞ്ചു മുതൽ ഏഴു ബസുകൾ വരെ ഇവിടെ പാർക്കു ചെയ്ത്, താൽകാലിക ഓപ്പറേഷൻ കേന്ദ്രം വഴിയാണു സർവീസ് നടത്തുന്നത്. പ്രത്യേകം ജീവനക്കാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.
മകരവിളക്കു സമയത്ത് ഇതരസംസ്ഥാനങ്ങളിൽനിന്നും കൂടുതൽ ഭക്തർ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.