ലക്നോ: പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാർക്കു നേരെ പോലീസ് സ്വീകരിച്ച നടപടികളെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസ് നടപടി എല്ലാ പ്രതിഷേധക്കാരെയും ഞെട്ടിച്ചെന്നും നിശബ്ദരാക്കിയെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.
എല്ലാ പ്രക്ഷോഭകരും ഞെട്ടി. എല്ലാ പ്രശ്നക്കാരും ഞെട്ടി. യോഗി ആദിത്യനാഥ് സർക്കാരിന്റെ കർശന നടപടികൾ എല്ലാവരെയും നിശബ്ദരാക്കി. പൊതുമുതൽ നശിപ്പിക്കുന്നവരെ പിടികൂടുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ യോഗി ആദിത്യനാഥ് സർക്കാർ കാരണം എല്ലാ അക്രമകാരികളും കരയുകയാണ്- മുഖ്യമന്ത്രിയുടെ ഓഫീസ് ഒൗദ്യോഗിക അക്കൗണ്ടിൽനിന്നു ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിൽ 17 പേരാണ് പൗരത്വ നിയമഭേദഗതിക്കാരായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. പോലീസ് പ്രതിഷേധകാർക്കു നേരെ നടത്തിയ വെടിവയ്പിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്തവരെ മുഴുവൻ ആക്രമികളായി ചിത്രീകരിച്ച് അവരെ പിടികിട്ടാപുള്ളികളാക്കി ചിലയിടങ്ങളിൽ നോട്ടീസ് പതിച്ചിരിക്കയാണു പോലീസ്. അലിഗഡ് സർവകലാശാലയിൽ വിദ്യാർഥികൾക്കെതിരെ ജയ് ശ്രീറാം വിളിച്ചാണ് പോലീസ് ആക്രമം അഴിച്ചുവിട്ടതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശ് പോലീസ് നല്ല പ്രവർത്തനമാണു കാഴ്ചവെച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രതിഷേധ പ്രകടനങ്ങൾക്കിടെ അക്രമ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയവർ ആത്മപരിശോധന നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.