തിരുവനന്തപുരം: പാർട്ടി സ്ഥാപക ദിനത്തിൽ കെപിസിസി ആസ്ഥാനത്ത് കൊടി ഉയർത്താൻ കഴിയാതെ കോണ്ഗ്രസ്. രാവിലെ കോണ്ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് മുന്നോടിയായി ഇന്ദിരാഭവനിൽ കൊടി ഉയർത്താൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൊടി ആദ്യംതന്നെ മുകളിൽ ഉയർത്തിയ നിലയിലായിരുന്നു. പിന്നീട് സേവാദൾ പ്രവർത്തകർ കൊടി താഴ്ത്തിയെങ്കിലും ശരിയായി കെട്ടാതിരുന്നതിനാൽ കൊടി ഉയർത്താനായില്ല.
ദൃശ്യമാധ്യമങ്ങളുടെയും മറ്റും സാന്നിധ്യത്തിൽ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും രാജ്മോഹൻ ഉണ്ണിത്താനും ഒക്കെ നോക്കിനിൽക്കേയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. കൊടി ഉയർത്താൻ കഴിയാതെ വന്നതോടെ നേതാക്കൾ സേവാദൾ പ്രവർത്തകരെ ശകാരിച്ചു.
ഇതിനിടെ സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയിൽ നിന്നൊഴിവാക്കാൻ ഇന്ദിരാഭവനിൽ മാധ്യമപ്രവർത്തകരെ തടയാൻ ശ്രമിച്ചു. എന്നാൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ച് മാധ്യമപ്രവർത്തകരോട് ക്ഷമ ചോദിക്കുകയായിരുന്നു.