കോട്ടയം: ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം പെട്ടെന്ന് നടപ്പിലാക്കുന്പോൾ അതു വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും അവർ കടക്കെണിയിലായി ആത്മഹത്യയിലേക്ക് നയിക്കപ്പെടുമെന്നും അതിനാൽ നിരോധത്തിനു സാവകാശം അനുവദിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് ഉത്പന്നങ്ങളും കവർ, പാത്രങ്ങൾ, കുപ്പികൾ എന്നിവയുടെ ഉത്പാദനവും വിതരണവുമാണ് ജനുവരി ഒന്നുമുതൽ നിരോധിച്ചിരിക്കുന്നത്. ഈ മേഖലയിലുള്ള ഉത്പാദകർ, വിതരണക്കാർ, ചെറുകിട വ്യാപാരികൾ എന്നിവരുടെ പക്കൽ കോടിക്കണക്കിനു രൂപയുടെ സ്റ്റോക്കാണുള്ളത്.
കടുത്ത സാന്പത്തിക മാന്ദ്യവും കച്ചവട മാന്ദ്യവും നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാൻ ഇപ്പോൾ അനുവദിച്ചിട്ടുള്ള സമയപരിധി അപര്യാപ്തമാണ്. ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സമയം അനുവദിച്ചില്ലെങ്കിൽ വ്യാപാരമേഖലയുടെ വൻ തകർച്ചയ്ക്കു ഇതു കാരണമായി തീരുമാമെന്നും അദ്ദേഹം പറഞ്ഞു.
നിരോധന തീരുമാനം നീട്ടിവച്ച് വ്യാപാരികളുടെ കൈവശമുള്ള സ്റ്റോക്ക് വിറ്റഴിക്കാനുള്ള സമയം അനുവദിക്കണമെന്നും എം.കെ. തോമസുകുട്ടി ആവശ്യപ്പെട്ടു.