കോഴിക്കോട് : സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്. സംസ്ഥാന സര്‍ക്കാര്‍ യുഎപിഎ ചുമത്തിയത് രാജ്യസുരക്ഷയെ ബാധിക്കും വിധത്തിലുള്ള കേസായതിനാലാണെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് കേസ് ഏറ്റെടുക്കണമെന്നുമാണ് ആഭ്യന്തരമന്ത്രാലയം എന്‍ഐഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിന് പുറമേ ഡിസംബര്‍ 16 ന് കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിട്ടുണ്ട്. 2008 ലെ എന്‍ഐഎ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേസ് കൈമാറേണ്ടത് സംബന്ധിച്ച് വ്യക്തമാക്കിയത്. യുഎപിഎ ചുമത്തിയ അലന് മുഹമ്മദും താഹയും ഷെഡ്യൂള്‍ഡ് ക്രൈമില്‍ ഉള്‍പ്പെടുന്ന പ്രതികളുടെ പട്ടികയിലാണുള്ളത്.
രാജ്യസുരക്ഷയും മറ്റുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെങ്കില്‍ സംസ്ഥാന സര്‍ക്കാറും ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കാറുണ്ട്. എന്നാല്‍ ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഐബി) റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് കൂടുതല്‍ അന്വേഷണം മാവോയിസ്റ്റ് കേസില്‍ ആവശ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിന് ബോധ്യമായത്. തുടര്‍ന്ന് കേസിന്റെ അന്വേഷണം കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കുകുയായിരുന്നു.
അതേസമയം കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരായിരുന്ന അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയതാണ് എന്‍ഐഎ അന്വേഷണത്തിന് കാരണമായതെന്നാണ് പറയുന്നത്. യുഎപിഎ ചുമത്തുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അവസാന നിമഷം വരെ പിന്മാറിയിരുന്നില്ല. സിപിഎം പ്രവര്‍ത്തകരായ ഇരുവരും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യം സിപിഎമ്മിലും വിവാദത്തിനടയാക്കിയിട്ടുണ്ട്. യുഎപിഎ ചുമത്തിയത് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഎം ജനറല്‍ സെക്രട്ടറിയും ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി നിലപാട് തിരുത്തിയിരുന്നില്ല. നിലവില്‍ കേസ് എന്‍ഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. കേസ് ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷം അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് എന്‍ഐഎ അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോടെത്തി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന് മുഹമ്മദ്, താഹ ഫസല്‍ എന്നിവരുടെ വീടുകളില്‍ നിന്ന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവയുള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച ശേഷം അന്വേഷണം ആരംഭിക്കും.
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള തെളിവുകള്‍ എന്‍ഐഎ കോടതിയിലേക്ക് കൈമാറുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ യുവാക്കളുടെ കുടുംബം ജാമ്യഹര്ജിയ്ക്കായി ഹൈകോടതിയെ സമീപിച്ചിരുന്നു. എന്‍ഐഎ കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം.