കൊച്ചി: റിക്കാർഡ് വില ഭേദിക്കാനൊരുങ്ങി സ്വർണ വില. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം പവന് 29,000 രൂപയിലെത്തിയതോടെ ഇനി ഈ വർഷംതന്നെ റിക്കാർഡ് ഭേദിക്കുമോയെന്ന ആകാംക്ഷയേ വിപണിയിലുള്ളൂ. പവന് 80 രൂപ വർധനവോടെയാണ് സ്വർണ വില ഇന്ന് 29,000 രൂപയിലെത്തിയത്.
ഒരു ഗ്രാമിന്റെ വില പത്ത് രൂപ വർധനവോടെ 3,625 ആയി ഉയർന്നു. കഴിഞ്ഞ സെപ്തംബർ നാലിന് ഗ്രാം വില 3,640 രൂപയിലും പവൻ 29,120 രൂപയിലും എത്തിയതായിരുന്നു സർവകാല റിക്കാർഡ്. ഈ വർഷം ഇനി രണ്ടു ദിവസംകൂടി വ്യാപാരം നടക്കാനിരിക്കെ സ്വർണം റിക്കാർഡ് വില ദേഭിക്കുമെന്നുതന്നെയാണു വിപണിയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ. സ്വർണവില സർവകാല റിക്കാർഡിൽ എത്തിയതിനുശേഷം കഴിഞ്ഞ രണ്ടുമാസമായി ചെറിയ ചാഞ്ചാട്ടം മാത്രമാണ് ഉണ്ടായിട്ടുള്ളത്.
അന്താരാഷ്ട്ര സ്വർണ വില 1550 ഡോളർ എത്തിയപ്പോഴായിരുന്നു കേരളത്തിൽ ഗ്രാമിന് 3,640 രൂപയായിരുന്നത്. പിന്നീട് 100 ഡോളർ കുറഞ്ഞു 1450 ഡോളറിൽവരെ എത്തിയെങ്കിലും ഗ്രാമിന് വെറും 100 രൂപയുടെ കുറവ് മാത്രമാണ് അനുഭവപ്പെട്ടത്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഉയർച്ചയായി സ്വർണവിലയെ കാണാമെങ്കിലും വില ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക വിപണിയിലുണ്ട്. ലോകം ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് ആഴ്ന്നിറങ്ങിയതിനാൽ പുതുവത്സരത്തിനുശേഷം മാത്രമേ വിപണികൾ സജീവമാകുകയുള്ളൂ. കേരളത്തിൽ വിവാഹ സീസണ് ആരംഭിച്ചെങ്കിലും വ്യാപാരം മന്ദഗതിയിലാണ്.