തളിപ്പറമ്പ്: ലഹരിമരുന്ന് കടത്തിയ സ്കൂട്ടര്‍ സഹിതം യുവാവ് എക്സൈസ് പിടിയിൽ. തളിപ്പറമ്പ് സീതി സാഹിബ് സ്കൂളിന് സമീപം സിഎച്ച് റോഡിലുള്ള ഷമീമ മന്‍സിലിലെ ടി.കെ.റിയാസ്(26)നെ മയക്കുമരുന്ന് കൈവശം വച്ച് കടത്തിക്കൊണ്ടുവന്നതിന് അറസ്റ്റ് ചെയ്തത്. കെഎല്‍-59 എ 704 നമ്പര്‍ സ്കൂട്ടറും 206 ലഹരി ഗുളികകളും കസ്റ്റഡിയിലെടുത്തു.
എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ പരിശ്രമത്തിന്റ ഫലമായാണ് ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഇന്‍സ്പെക്ടര്‍ എസ്.കൃഷ്ണകുമാറും സംഘവും തളിപ്പറമ്പ് സഹകരണ ആശുപത്രി കാന്റീന് പരിസരത്ത് നടത്തിയ റെയ്ഡിൽ ഇയാൾ പിടിയിലായത്. ഈ ഗുളിക കൈവശം വയ്ക്കുന്നത് പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
തളിപ്പറമ്പ് പരിസരത്തെ കോളജുകളിലും മറ്റും യുവാക്കള്‍ക്കിടയില്‍ ലഹരി ഗുളികകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഒരു ഗുളിക 200 മുതല്‍ 300 രൂപ വരെ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതെന്നും മുംബൈയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും പ്രതി എക്സൈസ് സംഘത്തോട് പറഞ്ഞു.മുബൈയില്‍ 84 രൂപ 92 പൈസയ്ക്ക് ലഭിക്കുന്ന 30 ഗുളിക ഇവിടെ വില്‍പ്പന നടത്തുന്നത് 9000 രൂപയ്ക്കാണ്. ചില്ലറ വില്‍പ്പന വില പ്രകാരം പിടിച്ചെടുത്ത ഗുളികകള്‍ക്ക് 61,800 രൂപ വിലവരുമെന്ന് എക്സൈസ് പറഞ്ഞു.
ഇടപാടുകാരെന്ന വ്യാജേന വിലയുറപ്പിച്ച ശേഷം പ്രതിയെ തന്ത്രപൂര്‍വം എക്സൈസ് കുടുക്കുകയായിരുന്നു. എക്സൈസ് സംഘം പ്രതിയെ ബന്ധപ്പെട്ടപ്പോള്‍ സഹകരണ ആശുപത്രി കാന്റീനിന് മുന്നിലെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. മാരകലഹരി അടങ്ങിയ ഗുളിക ഒരെണ്ണം കഴിച്ചാല്‍ തന്നെ രണ്ടു ദിവസത്തേക്ക് കഴിക്കുന്നയാള്‍ നല്ല ലഹരിയായിലായിരിക്കുമെന്നും എക്സൈസ് സംഘം പറഞ്ഞു.
കഞ്ചാവ് പോലെ ഉപയോഗിച്ചാല്‍ മണമോ മറ്റും ഉണ്ടാകില്ല എന്നതാണ് യുവാക്കള്‍ ഇത്തരം ഗുളികകള്‍ പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക് തിരിയാന്‍ കാരണം. പ്രിവന്റീവ് ഓഫിസര്‍മാരായ കെ.പി.മധുസൂദനന്, പി.വി.ബാലകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍, കെ.ടി.എന്‍.മനോജ്, കെ.വി.നികേഷ്, ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.