കോട്ടയം: നികത്താനിരുന്ന പാടത്ത് ഇനി കതിരണിയും. കോട്ടയം നഗരഹൃദയത്തിലെ ഈരയിൽ കടവ്, പൂഴിക്കുന്നു – തുരുത്തുമ്മേൽ പാടങ്ങളും പുന്നക്കൽ പടിഞ്ഞാറെ കരഅരികുപുറം പാടവും തരിശുനില കൃഷിക്കായി പാടശേഖര സമിതികൾക്ക് വിട്ടു നൽകി കോട്ടയം റവന്യു ഡിവിഷൻ ഓഫീസർ അനിൽ ഉമ്മൻ ഉത്തരവിട്ടു. മൊബിലിറ്റി ഹബിന്റെ പേരിൽ നികത്തുന്നതിനു പദ്ധതിയിട്ട സ്ഥലത്താണു കൃഷി ചെയ്യുന്നത്.
മീനച്ചിലാർ – മീനന്തറയാർ – കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൃഷി – ജലസേചന വകുപ്പുകളും കോട്ടയം നഗരസഭയും പനച്ചിക്കാട് പഞ്ചായത്തും ചേർന്നാണു കഴിഞ്ഞ വർഷം ഇരുന്നൂറിലേറെ ഏക്കർ തരിശുനിലം തെളിച്ച് കൃഷി ആരംഭിച്ചത്.
മൊബിലിറ്റി ഹബ് പദ്ധതിയുടെ പേരിൽ ഹൈക്കോടതി ഉത്തരവുമായി കൃഷി തടസപ്പെടുത്താൻ ഒരു കൂട്ടം നിലമുടമകൾ ശ്രമിച്ചിരുന്നു. തരിശിടുന്ന നിലമുടമകളുടെ വാദം ആർഡിഒ പരിശോധിക്കുകയും തണ്ണീർത്തട നിയമപ്രകാരം ഉടമ നിലം തരിശിട്ടാൽ താത്കാലികമായി ഏറ്റെടുത്ത് കൃഷിക്കാരെ ഏൽപിച്ചു നൽകാൻ വ്യവസ്ഥയുണ്ട്. ഇതിൽ പ്രകാരം ആർഡിഒ ഉത്തരവിടുകയുമായിരുന്നു.
സംസ്ഥാനത്ത് തരിശുനിലം സർക്കാർ മുൻകൈ എടുത്ത് കൃഷിക്കായി നൽകുന്ന ഏറ്റവു പ്രധാനപ്പെട്ട നടപടിയാണ് നദി പുനർ സംയോജനത്തിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളതെന്ന് കോർഡിനേറ്റർ കെ. അനിൽകുമാർ ചൂണ്ടിക്കാട്ടി. ഇതിനു മുൻകൈ എടുത്ത ജില്ലാ ഭരണകൂടത്തിന്റെ ധീരമായ നടപടിയെ ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു. മുഴുവൻ തരിശുനിലങ്ങളും ഏറ്റെടുത്ത് കൃഷിക്കായി ലഭ്യമാക്കണമെന്ന് ജനകീയ കൂട്ടായ്മ അഭ്യർഥിച്ചു.