റാന്നി: പണികൾ പൂർത്തിയാക്കാതെ ജലഅഥോറിറ്റി, ചെത്തോങ്കര-അത്തിക്കയം റോഡുവികസനം തടസപ്പെടുന്നു. പെരുനാട്-അത്തിക്കയം കുടിവെള്ള പദ്ധതിക്കായി പൊതുമരാമത്ത് റോഡരികിൽ പൈപ്പുലൈൻ സ്ഥാപിക്കുന്ന ജോലികൾക്കായി 2017ൽ ജലഅഥോറിറ്റിക്ക് നൽകിയ അനുമതി പൂർണമായി നടപ്പിലാക്കാതെ പോയതുകൊണ്ടാണ് മൂന്നു വർഷങ്ങൾക്കു ശേഷവും ചെത്തോങ്കര – അത്തിക്കയം റോഡിലെ കക്കുടിമണ് മുതൽ അത്തിക്കയം വരെയുള്ള ഭാഗത്തെ റോഡുവികസനത്തിന് തടസമുണ്ടാകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ.
ചെത്തോങ്കര – അത്തിക്കയം റോഡുവികസനത്തിന്റെ ഭാഗമായി ചെത്തോങ്കര മുതൽ കക്കുടിമണ്ണിന് സമീപം പ്ലാന്േറഷൻ ഭാഗം വരെ മെറ്റലിംഗ് നടത്തി ടാറിംഗ് ജോലികൾ പുർത്തിയാക്കിയെങ്കിലും ബാക്കി ജോലികൾ ജലഅഥോറിറ്റിയുടെ സമ്മർദ്ദത്തെ തുടർന്ന് നിർത്തിവച്ചിട്ട് ആഴ്ചകളായി. നിർദ്ദിഷ്ട പെരുനാട് അത്തിക്കയം ജലവിതരണ പദ്ധതിക്കായുള്ള പൈപ്പുലൈൻ സ്ഥാപിക്കുന്ന ജോലികൾ യഥാസമയം നിർവഹിക്കാൻ ജലഅഥോറിറ്റിക്ക് കഴിയാതെ പോയതാണ് ഇപ്പോൾ പൊതുമരാമത്ത് റോഡുപണി വീണ്ടും നീട്ടിവയ്ക്കാൻ കാരണമായത്.
ഉടനടി പൂർത്തിയാക്കാമെന്ന കരാറിൽ 2017 ലാണ് പൊതുമരാമത്ത് റോഡരികിൽ പൈപ്പുലൈൻ സ്ഥാപിക്കാൻ ജലഅഥോറിറ്റി അടൂർ ഡിവിഷന് അനുമതി നൽകിയത്.എന്നാൽ ജോലി ഏറ്റെടുത്തവർ അനന്തമായി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. കക്കുടി മണ് മുതൽ അത്തിക്കയം വരെ ടാറിംഗ് ഉൾപ്പെടെയുള്ള റോഡുപണി ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നിർമാണ ജോലികൾ പുരോഗമിക്കുന്പോഴാണ് പൈപ്പിടാൻ റോഡു വെട്ടിക്കുഴിക്കണമെന്ന ആവശ്യവുമായി ജലഅഥോറിറ്റി വീണ്ടുമെത്തിയത്.
ടാറിംഗ് പൂർത്തിയാക്കിയ റോഡ് വെട്ടിക്കുഴിക്കുന്ന തൊഴിവാക്കാനായി അനുമതി നൽകിയെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും പണി പൂർത്തിയാക്കി റോഡുവിട്ടുനൽകാൻ ജലഅഥോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. ഈ വർഷത്തെ ശബരിമല തീർഥാടനം കഴിഞ്ഞാലും റോഡുപണി പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്. പൊടിയഭിഷേകത്താൽ വീർപ്പുമുട്ടുകയാണ് വാഹന, കാൽനടയാത്രക്കാരും നാട്ടുകാരും.
ഇപ്പോൾ സ്ഥാപിച്ച പൈപ്പുലൈനിനു പുറമെ ഗാർഹിക കണക്ഷൻ കൂടി നൽകാനുള്ള പൈപ്പു സ്ഥാപിക്കണമെന്നാണ് ജലഅഥോറിറ്റിയുടെ ആവശ്യമെന്ന് പറയുന്നു. അത് എന്നത്തേക്ക് നടക്കുമെന്ന് അവർ പറയുന്നതുമില്ല. ഇതു കാരണം റോഡുപണിയെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലും അനിശ്ചിതത്വം തുടരുകയാണ്.