കോട്ടയം: കാത്തിരിപ്പിനൊടുവിൽ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപറേഷനു മുന്നിലെ റെയിൽവേ മേൽപ്പാലം ചൊവ്വാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും. രാവിലെ 10ന് എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംപി തുടങ്ങിയവർ ഉൾപ്പെടെയുള്ളവരും റെയിൽവെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
റെയിൽവെ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി 2018 ജൂലൈയിലാണു പുതിയ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങിയത്. കെകെ റോഡിൽ പഴയ പാലം പൊളിച്ചു പണിതിരിക്കുന്ന പുതിയ പാലത്തിന് 50 മീറ്റർ നീളവും 13.5 മീറ്റർ വീതിയുമുണ്ട്. പാലത്തിന് തൂണുകളില്ല.
ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളും പൂർത്തിയായിട്ടുണ്ട്. പാലത്തിന്റെ അടിത്തറയിൽ ചെന്നൈയിൽ നിർമിച്ച ഉരുക്ക് ഗർഡറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാത ഇരട്ടിക്കലിന്റെ ഭാഗമായി റബർ ബോർഡ് ആസ്ഥാനത്തിനു മുൻപിലെ മേൽപ്പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചു. വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാകും.