കോതമംഗലം: പുതുവത്സരാഘോഷ വേള മുതലാക്കാൻ ലഹരി മാഫിയ രംഗത്ത്. ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ പുതിയ തന്ത്രങ്ങളുമായാണ് ലഹരി മാഫിയ കരുത്താർജിക്കുന്നത്.
ആഘോഷങ്ങളിലും ജീവിത ശൈലിയിലും പുതുതായി രൂപം കൊണ്ട ന്യുജെൻ തരംഗം ഉപയോഗപ്പെടുത്തിയുള്ള വിപണനതന്ത്രങ്ങളാണ് ഇക്കൂട്ടർ നടത്തികൊണ്ടിരിക്കുന്നത്. സ്കൂൾ-കോളജ് വിദ്യാർഥികൾ, സാന്പത്തിക സ്ഥിതി മോശമായ വീടുകളിലെ വിധവകളായ വീട്ടമ്മമാർ എന്നിവർ ഇവരുടെ ചട്ടുകങ്ങളായി മാറുന്നതായാണ് വിവരം.
വിദ്യാർഥികൾക്ക് ഇരുചക്രവാഹനങ്ങൾ, ഉയർന്ന വിലയുടെ മൊബൈൽ ഫോണ്‍, പണം, ഭക്ഷണം എന്നിവ നൽകി ആകർഷിക്കുന്നതോടൊപ്പം കഞ്ചാവ്, വേദനസംഹാരി ഗുളികകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതിന് അവസരം നൽകുകയും ചെയ്യുന്നു. ഒരിക്കൽ കെണിയിൽ വീണാൽ പിന്നെ ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുക പ്രയാസവുമാണ്.
കോട്ടപ്പടി, കുട്ടന്പുഴ, വാരപ്പെട്ടി, ഊന്നുകൽ, കവളങ്ങാട്, കലൂർ, കല്ലൂർക്കാട്, പുളിന്താനം തുടങ്ങി ഉൾപ്രദേശങ്ങളിലെ ചെറുറോഡുകളിൽ വച്ച് ബൈക്കുകളിലെത്തി കൈമാറ്റം നടത്തുകയാണ് പതിവ്. പല വീടുകളിലും പെണ്‍കുട്ടികളുൾപ്പെടെ രഹസ്യമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെടുന്പോഴാണ് മാതാപിതാക്കൾ പോലും വിവരം അറിയുന്നതെന്ന് നാട്ടുകാർ പറയുന്നു.
സ്കൂളുകളിൽ വിദ്യാർഥികളെ സ്വാധീനിച്ച് കൂട്ടുകാരെ നിർബന്ധിച്ച് ഉപയോഗിപ്പിക്കാനും വിതരണക്കാർക്ക് വശമാണ്. എക്സൈസ്, പോലീസ് വകുപ്പ് അധികാരികളുടെ പരിശോധനകളും നടപടികളും കൂടുതൽ ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.