കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ പ്രമേയമാക്കിയുള്ള ഷൈനി സുധീറിന്റെ ’ക്ലോസ്’ ചിത്രപ്രദർശനം ശ്രദ്ധയാകർഷിക്കുന്നു. കുഞ്ഞുകുട്ടികളുടെയും സ്ത്രീകളുടെയും മനസിനെയും ശരീരത്തെയും മാന്തിക്കീറുന്ന കൂർത്ത നഖങ്ങളുമായി പതിയിരിക്കുന്നവർക്കെതിരെ വരയിലൂടെ പ്രതിഷേധിക്കുകയാണ് ഈ കലാകാരി.
എറണാകുളം ദർബാർ ഹാൾ ആർട് ഗാലറിയിൽ ആരംഭിച്ചിട്ടുള്ള പ്രദർശനത്തിൽ 47 ചിത്രങ്ങളാണ് കാണികൾക്കായി ഒരുക്കിയിട്ടുള്ളത്. ഓറഞ്ചിന്റെയും മഞ്ഞയുടെയും മൂർച്ചയാണ് ഭൂരിപക്ഷം ചിത്രങ്ങൾക്കുമുള്ളത്. ക്യൂബിസത്തോടുള്ള അടങ്ങാത്ത ആസക്തി ഒട്ടുമിക്ക ചിത്രങ്ങളിലും പ്രകടമാണ്. ഓയിൽ പെയിന്റാണ് മാധ്യമം. നൈഫ് ഉപയോഗിച്ച് തീർക്കുന്ന ലംബരേഖകളിൽ ഉരുത്തിരിയുന്നവയാണ് ഒരു വിഭാഗം ചിത്രങ്ങൾ. അവയിലും പെണ്ണിന്റെ ഉൾത്തീ ആളിനിൽക്കുന്നുണ്ട്.
സമീപകാലത്തായി സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ പല രീതിയിലുമുള്ള പ്രതിഷേധങ്ങൾ ആ സമയത്ത് ഉയർന്നുവരുമെങ്കിലും അത് നിലനിൽക്കാറില്ല. എന്നാൽ ഇത്തരം സംഭവങ്ങളിൽ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കേണ്ടതും അതിനെതിരെ നിലകൊള്ളേണ്ടതുമാണ്. ഒരു ചിത്രകാരി എന്ന നിലയിൽ ഇത്തരം സംഭവങ്ങളിൽ താൻ പ്രതിഷേധങ്ങൾ അറിക്കുന്നതിന് വരയിലൂടെയാണെന്ന് ഷൈനി പറയുന്നു.
ക്രൂരമായ അക്രമങ്ങൾക്ക് ഇരയായ പെണ്മനസിന്റെ വിഷാദ ഭാവങ്ങളാണ് ഭൂരിഭാഗം ചിത്രങ്ങളിലും നിഴലിക്കുന്നത്.
നിഷ്ക്രിയരായ ഭരണകർത്താക്കളുടെയും നിയമത്തിന്റെയും സമൂഹത്തിന്റെയും പ്രതീകമായി പൂച്ചകളെയും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബാല്യത്തിൽ തന്നെ കുഞ്ഞുമനസിലുണ്ടാകുന്ന ഭയത്തിന്റെയും വേവലാതിയുടെയും ഭയാനകത, ജീവിതത്തിലുടനീളം അനുഭവിക്കേണ്ടിവരുന്ന അരക്ഷിതാവസ്ഥ എന്നിവയെല്ലാം എല്ലാ ചിത്രങ്ങളിലും പ്രകടമാണ്.
രണ്ടു വർഷത്തിനിടെ വരച്ചിട്ടുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. രണ്ടു മുതൽ നാലു ദിവസം വരെയാണ് വരയ്ക്കാനെടുക്കുന്ന സമയം. പിറവം ഇലഞ്ഞി സ്വദേശിനിയായ ഷൈനിയുടെ എട്ടാമത് ഏകാംഗപ്രദർശനമാണിത്. തൃപ്പൂണിത്തുറ ചിൻമയ വിദ്യാലയത്തിൽ ചിത്രകലാ അധ്യാപികയാണ് ഷൈനി. പ്രദർശനം 31 വരെ തുടരും.