നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 36 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹറിനില്‍ നിന്നും എത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് പിടിയിലായത്. 1.200 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്നും കസ്റ്റംസ് വിഭാഗം പിടികൂടിയത്.
അടിവസ്ത്രത്തിനകത്തും ശരീരത്തിലും ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വന്‍ തോതില്‍ നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി വിദേശത്ത് നിന്നും വരുന്ന യാത്രക്കാരെ ശക്തമായ പരിശോധകള്ക്കാണ് കസ്റ്റംസ് വിധേയമാക്കുന്നത്.
വിമാനമിറങ്ങി വരുന്ന യാത്രക്കാരെ സിസിടിവി വഴി സൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷം സംശയം തോന്നുന്നവരെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്.സ്വര്‍ണം കടത്തിക്കൊണ്ടു വരുന്ന യാത്രക്കാരെ കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകളിലും അനധികൃതമായി കടത്താന്‍ ശ്രമിക്കുന്ന സ്വര്‍ണം പിടികൂടാനാകുന്നുണ്ട്.