സ്വന്തം ലേഖകൻ
രാമവർമപുരം: നാടാകെ ആശീർവാദം ചൊരിയാനെത്തിയപ്പോൾ വൃദ്ധമന്ദിരം വിവാഹമണ്ഡപമായി. നൻമനിറഞ്ഞ മനസുകളെ സാക്ഷിനിർത്തി കൊച്ചനിയനും ലക്ഷ്മി അമ്മാളും ഒന്നായി. തൃശൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള രാമവർമപുരം വൃദ്ധസദനത്തിലെ അന്തേവാസികളായ ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട നിരവധി പേരെത്തിയിരുന്നു.
67 കാരനായ കൊച്ചനിയനും 66കാരിയായ ലക്ഷ്മി അമ്മാളും വിവാഹിതരായപ്പതോൾ കേരളത്തിലെ ഒരു വൃദ്ധമന്ദിരത്തിലെ അന്തേവാസികൾ തമ്മിൽ ആദ്യമായി നടക്കുന്ന വിവാഹം എന്ന ഖ്യാതി കൂടി ഇതിന് ലഭിച്ചു. അന്പതുവർഷത്തിലേറെയായി ഇരുവർക്കും പരിചയമുണ്ടെങ്കിലും പരിചയവും ഉള്ളിലൊളിപ്പിച്ച പ്രണയവും വിവാഹത്തിലെത്തുമെന്ന് ഇവർ തീരെ കരുതിയിരുന്നില്ലത്രെ.
ലക്ഷ്മി അമ്മാളുടെ ഭർത്താവ് കൃഷ്ണ അയ്യർ എന്ന സ്വാമിയുടെ പാചകജോലിയിൽ സഹായി ആയിരുന്നു കൊച്ചനിയൻ. ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു പോയ ലക്ഷ്മി അമ്മാളെ നോക്കിയിരുന്നത് കൊച്ചനിയനായിരുന്നു. ഒറ്റക്കായ ലക്ഷ്മി അമ്മാളെ കൊച്ചനിയനാണ് വൃദ്ധമന്ദിരത്തിലാക്കിയത്. ഇടക്ക് കാണാൻ വരുമായിരുന്നു. അതിനിടെയാണ് ശരീരം തളർന്ന് ഗുരുവായൂരിൽ കുഴഞ്ഞുവീണ കൊച്ചനിയനെ സന്നദ്ധ സംഘടന പ്രവർത്തകർ വയനാട്ടിലെ വൃദ്ധമന്ദിരത്തിലെത്തിക്കുന്നത്.
അവിടെ ഏറെനാൾ കഴിഞ്ഞ കൊച്ചനിയനെ അദ്ദേഹത്തിന്റെ നിരന്തരമായ ആവശ്യപ്രകാരമാണ് രാമവർമപുരത്ത് ലക്ഷ്്മി അമ്മാൾ താമസിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയത്. ആരും നോക്കാനില്ലാത്ത കൊച്ചനിയനെ ഇനിയുള്ള കാലമെങ്കിലും നന്നായി പരിചരിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് ലക്ഷ്മി അമ്മാൾ. രണ്ടു പേർക്കും വയ്യെങ്കിലും രണ്ടുപേരും പരസ്പരം താങ്ങും തണലായും മാറുമെന്ന് ഇവർ പറയുന്നു.
കല്യാണത്തിയതി നിശ്ചയിച്ചതു മൂതൽ രാമവർമപുരത്തെ വൃദ്ധമന്ദിരം ആഘോഷത്തിമർപിലായിരുന്നു. കല്യാണത്തിന് മുൻപേ തന്നെ പല വ്യക്തികളും സംഘടനകളും ആശംസകളും സമ്മാനങ്ങളുമായി ഇവിടെയെത്തിയിരുന്നു.
കല്യാണം കഴിഞ്ഞ് എവിടേക്കാണ് പോകുന്നതെന്ന് ചോദ്യത്തിന് കൂടൽമാണിക്യം ക്ഷേത്രത്തിൽ കൊച്ചനിയന്റെ അസുഖം മാറിയാൽ പോയി ഒരു താമര മാല സമർപിക്കണമെന്ന മോഹമാണ് ലക്ഷ്മി അമ്മാൾക്കുള്ളത്.
കൊച്ചനിയനേയും ലക്ഷ്മി അമ്മാളെയും ഒന്നിപ്പിക്കാൻ മുൻകയ്യെടുത്തത് വൃദ്ധമന്ദിരത്തിലെ സൂപ്രണ്ട് വി.ജി.ജയകുമാറും കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വൃദ്ധമന്ദിരം മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജോണ് ഡാനിയേലുമാണ്.കൊച്ചനിയനും ലക്ഷ്മി അമ്മാളും അവരുടെ പുതിയ ജീവിതയാത്ര തുടങ്ങുകയാണ്…