സ്വന്തം ലേഖകൻ
തൃശൂർ: പ്രായമായവരെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന വിരുതൻ പിടിയിൽ. കാസർകോഡ് ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫയാണ് (43) അറസ്റ്റിലായത്. ആശുപത്രികൾ, കോടതികൾ, സർക്കാർ ഓഫീസുകളുടെ പരിസരം എന്നിവിടങ്ങളിലെത്തുന്ന പ്രായമായ സ്ത്രീകളെ പരിചയപ്പെട്ട് അവർക്ക് സാന്പത്തിക സഹായം വാഗ്ദാനം നൽകി അവരുടെ സ്വർണം കവർന്നെടുക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്.യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘവും തൃശൂർ വെസ്റ്റ് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ നവംബർ 30ന് തൃശൂർ ജില്ല ആശുപത്രിക്ക് സമീപം വെച്ച് പരിചയപ്പെട്ട പ്രായമായ സ്ത്രീക്ക് കളക്ടറുടെ ഓഫീസിൽ നിന്നും സാന്പത്തിക സഹായം വാങ്ങിനൽകാമെന്ന് പറഞ്ഞ് അവരുടെ സ്വർണമാല ഉൗരി വാങ്ങിയെടുത്ത് മുങ്ങിയ കേസിൽ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. സമാനമായ നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണ് ഇയാൾ.
വേഷങ്ങൾ പലത്
ബാങ്ക് ഉദ്യോഗസ്ഥനായും റവന്യൂ ഉദ്യോഗസ്ഥനായും കളക്ടറുടെ അസിസ്റ്റന്റായും ലോണുകൾ ശരിയാക്കുന്ന ആളായും ഗൾഫിലെ പണക്കാരനായ അറബിയുടെ പി.എ ആയുമൊക്കെ വേഷങ്ങൾ പലതും കെട്ടിയാണ് മുസ്തഫ തട്ടിപ്പ് നടത്തിയിരുന്നത്. ബാങ്കുദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ജില്ല ആശുപത്രിക്ക് സമീപം വെച്ച് വെളുത്തൂർ സ്വദേശിനി 62 കാരിയായ സീതമ്മയെ ഇയാൾ കബളിപ്പിച്ചത്. സീതമ്മയുടെ മരുമകന്റെ സുഹൃത്താണെന്നും കളവു പറഞ്ഞു. നല്ല പരിചയമുള്ള രീതിയിലാണ് ഇയാൾ അപരിചിതരോട് സംസാരിക്കുക. മാന്യമായ പെരുമാറ്റവും കുലീനത്വമുള്ള വസ്ത്രധാരണവും കൊണ്ട് ആരുടേയും അടുപ്പം പിടിച്ചുപറ്റാൻ മിടുക്കനാണിയാൾ.
ലക്ഷങ്ങൾ വാഗ്ദാനം ചെയ്യും
പ്രായമായ സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മുന്നുലക്ഷം രൂപവരെ പലിശയില്ലാതെ ധനസഹായം നൽകുന്ന പദ്ധതി ബാങ്കും ജില്ല കളക്ടറുപടെ ഓഫീസും ചേർന്ന് നടപ്പാക്കുന്നുണ്ടെന്നും കളക്ടറുടെ ഓഫീസിൽ അപേക്ഷനൽകിയാൽ ധനസഹായം ശരിയാക്കിത്തരാമെന്നും പറഞ്ഞാണ് മുസ്തഫ തട്ടിപ്പിന് തുടക്കമിടുക. തൃശൂർ നഗരത്തിൽ വെച്ച് പരിചയപ്പെടുന്ന പ്രായമായ സ്ത്രീകളെ ഇതും പറഞ്ഞ് പറ്റിച്ച് ഓട്ടോയിൽ അയ്യന്തോളിലുള്ള കളക്ടറേറ്റിലേക്ക് ഇയാൾ തന്നെ കൊണ്ടുപോകും.
കളക്ടറുടെ ഓഫീസിലേക്ക് കയറും മുൻപ് സ്ത്രീകളോട് കൈവശമുള്ള സ്വർണാഭരണം ഉൗരിമാറ്റാൻ പറയും. സ്വർണാഭരണം ധരിച്ച് ചെന്നാൽ സാന്പത്തിക സഹായം കിട്ടില്ലെന്ന് പറഞ്ഞാണ് മുസ്തഫ തന്ത്രപൂർവം ആഭരണങ്ങൾ അവരിൽ നിന്നും അഴിച്ചുവാങ്ങുക. സ്ത്രീകൾ സ്വർണം ബാഗിൽ വെക്കുന്പോൾ ബാഗിൽ വെക്കരുതെന്നും കയ്യിൽ സ്വർണമുണ്ടെങ്കിൽ കണ്ടുപിടിക്കുന്ന മെഷിൻ കളക്ടറുടെ ഓഫീസിലുണ്ടെന്നും അതിനാൽ സ്വർണം താൻ കൈവശം സൂക്ഷിക്കാമെന്നും പറഞ്ഞാണ് സ്വർണം ഇയാൾ കൈക്കലാക്കുക.
ഇതിനു ശേഷം കളക്ടറുടെ ഓഫീസിന് സമീപത്ത് സ്ത്രീകളെ ഇരുത്തിയ ശേഷം അപേക്ഷ എഴുതാൻ പേപ്പർ കൊണ്ടുവരാമെന്നും പറഞ്ഞ് ഇയാൾ മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ തട്ടിപ്പിനിരയായ സ്ത്രീ നൽകിയ പരാതിയിൽ വെസ്റ്റ ്പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പലരേയും ചോദ്യം ചെയ്തെങ്കിലും ഇയാളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല. പഴയ കേസ് ഫയലുകൾ പരിശോധിച്ചെങ്കിലും സിസി ടിവി ദൃശ്യങ്ങൾ നോക്കിയെങ്കിലും പ്രതിയെക്കുറിച്ച് ധാരണ കിട്ടിയിരുന്നില്ല. മറ്റു ജില്ലകളിലും സമാന തട്ടിപ്പുകൾ നടന്നതായി പോലീസിന് മനസിലായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ലക്ഷങ്ങളുടെ സ്വർണം കവർന്ന വിരുതൻ
പല കള്ളക്കഥകളും മെനയുന്നതിൽ വിദഗ്ധനായിരുന്ന മുസ്തഫ ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളാണ് ഇത്തരത്തിൽ പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് കവർന്നത്. തൃശൂരിന് പുറമെ വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട്, എറണാകുളം ജില്ലകളിലും കർണാടകത്തിലും ഇത്തരത്തിൽ നിരവധി പ്രായമായ സ്ത്രീകളിൽ നിന്നും സ്വർണം കവർന്നിട്ടുണ്ട്. പ്രായമായവരായതിനാൽ പലരും പോലീസിൽ പരാതി നൽകാൻ മടിച്ചത് പ്രതിക്ക് കൂടുതൽ തട്ടിപ്പ് നടത്താൻ പ്രോത്സാഹനമായി. ജയിൽ ശിക്ഷ അനുഭവിക്കുകയും പല കോടതികളും ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രായമായ സ്ത്രീകൾക്ക് പിന്നീട് തന്നെ തിരിച്ചറിയാൻ സാധിക്കില്ലെന്ന കണക്കുകൂട്ടലായിരുന്നു മുസ്തഫയ്ക്ക്. അതുകൊണ്ട് പിടിക്കപ്പെട്ടാലും രക്ഷപ്പെടാൻ സാധിക്കുമെന്ന് ഇയാൾ കരുതി. സ്വർണം വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് നാലായിരം രൂപ വരെ വാടകയുള്ള ആഡംബര ഹോട്ടലുകളിലാണ് ഇയാൾ താമസിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം സ്വർണാഭരണങ്ങൾ വിറ്റ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെടുക്കും.
തൃശൂർ സിറ്റി ജില്ല ക്രൈംബ്രാഞ്ച് അസി.പോലീസ് കമ്മീഷണർ സി.ഡി.ശ്രീനിവാസന്റെ നിർദ്ദേശാനുസരണം വെസ്റ്റ് എസ്ഐ ഉമേഷ്, തൃശൂർ സിറ്റി ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘാംഗങ്ങളായ എസ്ഐമാരായ ടി.ആർ.ഗ്ലാഡ്സ്റ്റണ്, എൻ.ജി.സുവൃതകുമാർ, പി.എം.റാഫി, എഎസ്ഐമാരായ ജയനാരായണൻ, കെ.ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.വി.ജീവൻ, പി.കെ.പഴനിസ്വാമി, സിവിൽ പോലീസ് ഓഫീസർമാരായ എം.എസ്.ലിഗേഷ്, കെ.ബി.വിപിൻദാസ്, അബീഷ്, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.