കല്യോട്ട്: പെരുങ്കളിയാട്ടം നടക്കുന്ന കല്യോട്ട് ഭഗവതിക്ഷേത്ര കഴകത്തിലെ ഉത്സവനഗരിയില്‍ മരിക്കാത്ത സാന്നിധ്യമായി നിറഞ്ഞുനില്‍ക്കുകയാണ് കൃപേഷും ശരത്ലാലും. ഒരുപക്ഷേ മറ്റൊരിടത്തും കാണാത്ത വൈകാരിക പരിവേഷത്തോടെയാണ് ഉത്സവത്തിനെത്തുന്ന ജനസഹസ്രങ്ങള്‍ ഇരുവരും അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തെ നോക്കിക്കാണുന്നത്.
ഉത്സവസ്ഥലത്തും ക്ഷേത്രത്തിലും ദര്‍ശനം നടത്തി തിരിച്ചുപോകുന്നതിനുമുമ്പ് അവിടെനിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലുള്ള സ്മൃതിമണ്ഡപത്തിലെത്താതെ മടങ്ങുന്നവര്‍ വിരളമാണ്. രാഷ്ട്രീയഭേദമന്യേ സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തി അൽപ്പനേരം നിശ്ശബ്ദരായിരുന്ന് പ്രാര്‍ത്ഥിക്കുകയും പൂക്കളര്‍പ്പിക്കുകയും പടമെടുക്കുകയും ചെയ്യുന്നുണ്ട്.
ഉത്സവത്തിന്റെ ആദ്യദിനം മുതല്‍ ഏഴാംനാള്‍ വരെ ഒന്നരലക്ഷത്തിലധികം പേരാണ് സ്മൃതിമണ്ഡപം സന്ദര്‍ശിച്ചതെന്നാണ് ഏകദേശ കണക്ക്. മാര്‍ബിളില്‍ തീര്‍ത്ത അന്ത്യവിശ്രമസ്ഥാനങ്ങള്ക്കു ചുറ്റുമായി ഇരിപ്പിടവും ചുറ്റും പൂന്തോട്ടവും പുല്‍ത്തകിടിയും നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഇവര്‍ നേതൃത്വം നല്കിയ വാദ്യകലാസംഘത്തിന്റെ പ്രതീകമായി മുന്നില്‍ ചെണ്ടയുടെ മാതൃകകളും സ്ഥാപിച്ചിട്ടുണ്ട്.
ഇരുവരുടെയും ചിത്രങ്ങളും പാവനമായ ഈ മണ്ണിന്റെ പ്രശാന്തതയില്‍ അവര്‍ ശാന്തമായി ഉറങ്ങട്ടെ എന്ന വാചകവും ത്രിവര്‍ണനിറം ചാലിച്ച സ്മൃതിമണ്ഡപത്തിലുണ്ട്. രാത്രിയില്‍ സ്മൃതിമണ്ഡപത്തിലും ചുറ്റുമായി വൈദ്യുത ദീപങ്ങളും തെളിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 17 ന് പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം നടന്ന ദിവസം വൈകുന്നേരമാണ് ഇരുവരും രാഷ്ട്രീയ എതിരാളികളാല്‍ കൊലചെയ്യപ്പെട്ടത്.
അന്നത്തെ യോഗത്തില്‍ സജീവമായി പങ്കെടുത്തതായിരുന്നു ഈ കൂട്ടുകാര്‍. ശരത്തിന്റെ പിതാവ് പി.കെ. സത്യനാരായണന് ഉത്സവാഘോഷ കമ്മിറ്റിയുടെ വര്‍ക്കിംഗ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതും ആ യോഗത്തിലാണ്. ബിടെക് കഴിഞ്ഞു വിദേശത്ത് ജോലിവാഗ്ദാനം ലഭിച്ചിരുന്ന ശരത്ലാലും പാസ്പോര്‍ട്ട് ഒരുക്കിവച്ചിരുന്ന കൃപേഷും ഉത്സവം കഴിയുന്നതുവരെ മാത്രം നാട്ടില്‍ തുടരാന്‍ തീരുമാനിച്ചതായിരുന്നു.
സ്വന്തം നാട്ടില്‍ ഇത്രയും വലിയ സംഭവം നടക്കുമ്പോള്‍ ലീവ് കിട്ടാതെ വിദേശത്തു പെട്ടുപോയാലോ എന്ന ആശങ്ക വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് ഇരുവരും നാട്ടില്‍ തുടര്‍ന്നത്. അതുപക്ഷേ രാഷ്ട്രീയ എതിരാളികള്‍ക്ക് പക തീര്‍ക്കാനുള്ള അവസരമായി മാറുകയായിരുന്നു.
ഈ ഉത്സവം കൂടുന്നതിനായി ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്ന കൂട്ടുകാരുടെ ഓര്‍മകള്‍ ഇരുവരുടെയും കൂട്ടുകാര്‍ക്ക് ഇപ്പോഴും നീറുന്ന വേദനയാണ്. ഉത്സവനഗരിയില്‍ വളണ്ടിയര്‍ വേഷത്തിലാണ് ഇപ്പോള്‍ ശരത്ലാലിന്റെയും കൃപേഷിന്റെയും ഒട്ടുമിക്ക കൂട്ടുകാരും. കല്യോട്ട് ടൗണിലും ഉത്സവം നടക്കുന്ന സ്ഥലത്തിനടുത്തും ശരത്ലാലിന്റെയും കൃപേഷിന്റെയും വലിയ കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
എങ്ങനെയെങ്കിലുമൊക്കെ അവരും ഇതെല്ലാം അറിയുന്നുണ്ടാവുമെന്നു തന്നെയാണ് കൂട്ടുകാരുടെയും ബന്ധുക്കളുടെയും വിശ്വാസം. എല്ലാ തിരക്കുകള്‍ക്കിടയിലും ഇടയ്ക്കിടെ സ്മൃതിമണ്ഡപത്തില്‍ മക്കളുടെ അടുത്ത് വന്നിരിക്കുന്ന സത്യനാരായണനും കൃഷ്ണനും അതേ വിശ്വാസമാണ്.