തളിപ്പറമ്പ്: പറശിനിക്കടവില്നിന്ന് കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിന് പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന പാനൂര്‍ സ്വദേശിനി ഷംനയ്ക്കെതിരേ കൂടുതല്‍ പരാതികള്‍ തളിപ്പറമ്പ് പോലീസിന് ലഭിച്ചു. കതിരൂര്‍, കല്ലാച്ചി, തൊട്ടില്‍പ്പാലം, ചെറുവത്തൂര്‍, കോഴിക്കോട്, കൊയിലാണ്ടി, എസ്റ്റേറ്റ് മുക്ക്, ബാലുശേരി എന്നിവിടങ്ങളില്‍നിന്ന് നിരവധിപേര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നൽകി.
ഇവരോടൊക്കെ രേഖാമൂലം പരാതി നല്കാന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കതിരൂരില്നിന്നുള്ള പരാതിയില്‍ രണ്ടരപവന്റെ കാല്വള നഷ്ടപ്പെട്ടതായി പറയുന്നുണ്ട്. നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഷംനയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാന്‍ പോലീസ് മജിസ്ട്രേറ്റ് മുമ്പാകെ ഹർജി നല്‍കിയിട്ടുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയെന്നു പരാതിപ്പെട്ടവരോട് സ്റ്റേഷനില്‍ നേരിട്ടു ഹാജരായി പരാതി നല്‍കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി ലഭിക്കുന്ന മുറയ്ക്ക് ഷംനയുടെ പേരില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം മോഷണത്തിനിറങ്ങുന്ന ഷംന ഇത്തരത്തില്‍ വലിയ സമ്പാദ്യമുണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവരില്‍നിന്ന് മോഷണമുതലുകള്‍ വാങ്ങിയ പാനൂരിലെ ഒരു ജ്വല്ലറിയുടമയെക്കുറിച്ചുള്ള വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. കാര്‍, ഓട്ടോറിക്ഷ എന്നിവ വാങ്ങിയതും ആവശ്യത്തിലേറെ ചെലവുചെയ്ത് ആർഭാട ജീവിതം നയിച്ചതും മോഷണമുതല്‍ ഉപയോഗിച്ചാണെന്നാണ് പോലീസിന്റെ നിഗമനം.