കണ്ണൂർ: ചാലയെയും തോട്ടടയെയും ബന്ധിപ്പിക്കുന്നതിനായുള്ള റെയിൽവേ മേൽപാല പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിന് റെയിൽവേ ഉന്നത സംഘം സ്ഥലം സന്ദർശിച്ചു. സ്ഥലം എംഎൽഎയും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്റെ നിർദേശാനുസരണമാണ് സംഘം സ്ഥലം സന്ദർശിച്ചത്. നിലവിൽ റെയിൽപാളം മുറിച്ചു കടന്നാണ് ഇരു പ്രദേശത്തുകാരും സഞ്ചരിക്കുന്നത്. പോളിടെക്നിക്ക്, ഐടിഐ, എസ്എൻ കോളജ്, എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കടക്കമുള്ള നിരവധി വിദ്യാർഥികളും പാളം മുറിച്ചു കടന്നാണ് പോകുന്നത്.
ഏറെ അപകടസാധ്യതയുള്ള പ്രദേശത്തു കൂടിയാണ് പാളം മുറിച്ചു കടക്കുന്നത്. ഈ സാഹചര്യത്തിലാണ് റെയിൽവേ മേൽപ്പാലം എന്ന പദ്ധതി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചത്. കണ്ണൂർ നിയോജക മണ്ഡലത്തിന് കേരള ബജറ്റിൽനിന്നും അനുവദിച്ച ഫണ്ടിൽ നിന്നും അഞ്ചു കോടി രൂപ പദ്ധതിക്കായി നീക്കി വച്ചിട്ടുണ്ട്.
പാലക്കാട് റെയിൽവേ അഡീഷ്ണൽ ഡിവിഷണൽ എൻജിനിയർ അനിൽ കുമാർ, സീനിയർ സെക്ഷൻ എൻജിനിയർ ഏബ്രഹാം എന്നിവരാണ് മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചത്. മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ്, കൗൺസിലർമാരായ എൻ.ബാലകൃഷ്ണൻ,പി.കെ. പ്രീത, എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.