ഓക്ക്പാർക്ക്, ഷിക്കാഗോ: നിരപരാധികളായ നിരവധി പേർക്ക് ജയിൽ മോചനം നേടികൊടുത്ത ഷിക്കാഗോയിലെ പ്രമുഖ അറ്റോർണി കേരൺ എൽ. ഡാനിയേൽ (62) വീടിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു.
ഡിസംബർ 26നു രാവിലെ ഓക്ക് പാർക്കിനു സമീപം നായയുമൊത്തു പ്രഭാത സവാരിക്കിറങ്ങിയ കേരണിനെ നിയന്ത്രണം വിട്ട പിക്അപ് ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചതായി ഓക്ക് പാർക്ക് പോലീസും കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനേഴ്സ് ഓഫീസും സ്ഥിരീകരിച്ചു.
അമിത വേഗതയിൽ വാഹനം ഓടിച്ചതിനും വഴിയാത്രക്കാരെ കണ്ടിട്ടും നിർത്താതെ പോയതിനും ട്രക്ക് ഡ്രൈവർക്കു പോലീസ് ടിക്കറ്റ് നൽകി. ഡ്രൈവർ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നു പരിശോധനകളിൽ നിന്നും തെളിഞ്ഞതായും പോലീസ് വ്യക്തമാക്കി.
ചെയ്യാത്ത കൊലപാതക കുറ്റം ചുമത്തി ജയിലിൽ ശിക്ഷ അനുഭവിക്കുന്നവരുടെ മോചനത്തിനായി ശക്തമായി വാദിച്ചിരുന്ന അറ്റോർണിയായിരുന്നു കേരൺ. ഏകദേശം 20–ൽപരം തടവുകാരുടെ മോചനത്തിന് ഇവർ വഴിയൊരുക്കിയിരുന്നു. ഷിക്കാഗോ യൂണിവേഴ്സിറ്റി ലോ സ്കൂളുമായി ബന്ധപ്പെട്ട എക്സൊർനേഷൻ പ്രോജക്ടിലായിരുന്നു കേരൺ ആദ്യം പ്രവർത്തനം ആരംഭിച്ചത്. ക്രിമിനൽ ജസ്റ്റിസ് അധ്യാപിക കൂടിയായിരുന്നു ഇവർ.
സംസ്കാരം ഓക്ക്പാർക്ക് ഹർലീം സ്ട്രീറ്റിലുള്ള ഓക്ക്പാർക്ക് ടെമ്പിളിൽ ഡിസംബർ 30 നു (തിങ്കൾ) രാവിലെ 11 നു നടക്കും.
റിപ്പോർട്ട്: പി.പി. ചെറിയാൻ