ശബരിമല: സമയം രാവിലെ 11.30 മാളികപ്പുറം പരിസരത്ത് പത്തോളംപേര്‍ അപകടത്തില്‍പെട്ടതായി സന്ദേശം എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലേക്ക് എത്തുന്നു .ഉടന്‍തന്നെ ഫയര്‍ഫോഴ്സ്, പോലീസ്, എന്‍.ഡി.ആര്.എഫ്,റാപിഡ് ആക്ഷന്‍ ഫോഴ്സ് ടീമംഗങ്ങള്‍ അടിയന്തിര ഘട്ടങ്ങളെ നേരിടാനുള്ള ഉപകരണങ്ങളുമായി സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് കൂട്ടംകൂടിനിന്ന ആളുകളെ നീക്കം ചെയ്തതോടെ സ്ട്രെക്ച്ചറില്‍ പരിക്കേറ്റവരെ സന്നിധാനം ആശുപത്രിയിലേക്ക് നീക്കി. സ്ട്രെക്ച്ചറില്‍ കയറ്റുമ്പോള്‍ തന്നെ ആരോഗ്യവകുപ്പ് സംഘം പ്രഥമശുശ്രൂഷ നല്‍കിയിരുന്നു.
മാളികപ്പുറത്ത് ആളുകള്‍ക്കിടയിലേക്ക് പാമ്പ് വന്നെന്ന പരിഭ്രാന്തിയില്‍ ആളുകള്‍ ഓടിമാറാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും അപകടമുണ്ടായെന്നും ’വാര്‍ത്ത’ പരന്നു.
കണ്ടുനിന്നവര്‍ ആകെ സന്ദേഹത്തില്ലായി.
മാധ്യമപ്രവര്‍ത്തകരുടെ ഫോണിലേക്കും വിവരമാരാഞ്ഞ് ആശങ്കയോടെയുള്ള വിളികളെത്തി.അപ്പോഴേക്കും സംഭവമറിഞ്ഞ് മാളികപ്പുറത്ത് പാഞ്ഞെത്തിയ ജില്ല കളക്ടര്‍ പി. ബി. നൂഹ്, ശബരിമല എ.ഡി.എം. ഉമേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.പരിക്കേറ്റവരെ സന്നിധാനത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികില്‍സ വേണ്ടവരെ സംസ്ഥാന വനവന്യജീവി വകുപ്പിന്റെ എമര്‍ജന്‍സി റെസ്ക്യൂ വാഹനത്തില്‍ സന്നിധാനം ആശുപത്രിയില്‍ നിന്ന് വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോയി.
ഇതിനിടെ,പാമ്പ് കടിയേറ്റതായി സംശയം തോന്നിയ ആളെ ഫയര്‍ഫോഴ്സ് എത്തി വടത്തില്‍ മാളികപ്പുറത്തെ ഫൈ്ളഓവറില്‍ നിന്ന് താഴെയിറക്കി സ്ട്രെക്ച്ചറില്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.സംഭവം എന്താണെന്ന് വ്യക്തമാകാതെ പകച്ചുപോയവര്‍ ഒരുമണിയോടെയാണ് വസ്തുത മനസിലാക്കുന്നത്. സുരക്ഷ ക്രമീകരണങ്ങളുടെ കെട്ടുറപ്പ് പരിശോധിക്കാനുള്ള മോക്ക് ഡ്രില്‍ ആയിരുന്നു ആവിഷ്കരിച്ച സംഭവങ്ങളെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തി ചിരിയിലേക്കു വാഴുമാറി.
മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി തിക്കും തിരക്കും മൂലം നിര്‍ഭാഗ്യ സംഭവങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ തടയാമെന്നും കാര്യക്ഷമമായി പ്രതിരോധിക്കാമെന്നും വിലയിരുത്താനാണ് സുരക്ഷ പരിശോനയുടെ ഭാഗമായി മോക്ക് ഡ്രില്‍ ജില്ല ദുരന്ത നിവാരണ സമിതി ചെയര്മാന് കൂടിയായ കളക്ടര്‍ പി.ബി നൂഹിന്റെ നിര്ദേശാനുസൃതവും നേരിട്ടുള്ള മേല്‍നോട്ടത്തിലും നടത്തിയത്. മകരവിളക്ക് തീര്‍ഥാടനകാലത്ത് ഗതാഗത ക്രമീകരണങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും.ആക്രമണോത്സുകത കാട്ടുന്ന ജീവികളില്‍നിന്ന് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമുറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
മോക്ക് ഡ്രില്ലില്‍ ദേശീയ ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്, ദ്രുതകര്‍മ്മസേന ഡെപ്യൂട്ടി കമാന്‍ഡന്റ് കെ. എല്‍. നിര്‍മ്മല്‍, ഡി.എം.ഒ. എ എല്‍ ഷീജ തുടങ്ങിയവരും സജീവ പങ്കാളികളായി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അയ്യപ്പ സേവാ സംഘം,വിശുദ്ധിസേന പ്രവര്‍ത്തകരും മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.