കോട്ടയം: യാത്രാവാഹനങ്ങളിൽ ഓമനമൃഗങ്ങളെ തനിച്ചോ മറ്റ് യാത്രക്കാർക്കൊപ്പമോ കയറ്റിക്കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നില്ലെന്ന് മോട്ടോർ വാഹനവകപ്പ്. ഇരു ചക്രവാഹനങ്ങളിലും കാറുകളും ജീപ്പിലും ഓട്ടോയിലും നായ, പൂച്ച തുടങ്ങിയവയെ കൊണ്ടുപോയാൽ രണ്ടായിരം രൂപ പിഴ ഈടാക്കും.
അപകടമുണ്ടാക്കുന്ന വിധം വാഹനം ഓടിച്ചു എന്ന് കാരണത്താലാണ് രണ്ടായിരം രൂപ പിഴ. അതേ സമയം ചരക്ക് വാഹനങ്ങളിൽ (ലോറി, ട്രക്ക്, ചരക്ക് ട്രെയിൻ ) എന്നിവയിൽ ചട്ടങ്ങൾ പാലിച്ച് മൃഗങ്ങളെ കൊണ്ടുപോകാം.
കഴിഞ്ഞ ദിവസം മണർകാട്ട് വളർത്തു നായയെ ബൈക്കിനു പിന്നിൽ നിറുത്തി സാഹസികമായി ഇരുചക്രവാഹനം ഓടിച്ചയാളിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് രണ്ടായിരം രൂപയും ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചത് 500 രൂപയും പിഴ ഈടാക്കിയിരുന്നു. ഇത്തരത്തിലുള്ള കാഴ്ച മറ്റ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധ നഷ്ടപ്പെടാനും വലിയ അപകടങ്ങളുണ്ടാക്കാനും ഇടയാക്കും.