ന്യൂഡൽഹി: ബലാത്സംഗക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം നിത്യാനന്ദക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാൻ നിർദേശം. കർണാടക സർക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറന്റ് ലഭിക്കാൻ കോടതിയെ സമീപിക്കാനും രാജ്യത്തെത്തിക്കാനുള്ള നടപടി സ്വീകരിക്കാനുമാണ് കേന്ദ്ര നിർദേശം.
നിത്യാനന്ദ ഇക്വഡോറിൽ നിന്നു വാങ്ങിയ ദീപിൽ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതേതുടർന്നു അദ്ദേഹത്തിന്റെ പാസ്പോർട്ട് റദ്ദാക്കിയിരിക്കുന്നത്.
ബലാത്സംഗക്കേസിൽ പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലായിരുന്നു നിത്യാനന്ദ പാസ്പോർട്ട് പോലുമില്ലാതെ രാജ്യവിട്ടത്. നിത്യാനന്ദയുടെ പാസ്പോർട്ടിന്റെ കാലാവധി 2018 സെപ്റ്റംബറിൽ തന്നെ അവസാനിച്ചിരുന്നു. എന്നിട്ടും അദ്ദേഹം എങ്ങനെയാണ് രാജ്യംവിട്ടതെന്നോ എവിടേക്കാണു പോയതെന്നോ വ്യക്തമല്ല. അദ്ദേഹം രാജ്യവിട്ടകാര്യം ഗുജറാത്ത് പോലീസ് നേരത്തെ സ്ഥിതീകരിച്ചിരുന്നു.