ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഇന്നു തുടക്കം. വൈകുന്നേരം അഞ്ചിന് മേൽശാന്തി എ. കെ. സുധീർ നന്പൂതിരി നട തുറക്കും. തുടർന്ന് ആഴി തെളിയിക്കും. അതിനുശേഷം തീർഥാടകർക്ക് ദർശനം നടത്താം. ഇന്ന് പൂജകളുണ്ടാകില്ല.നാളെ മുതലാണ് പൂജകളും നെയ്യഭിഷേകവും.
ജനുവരി 15നാണ് മകരവിളക്ക്. പുലർച്ചെ 2.30നു മകരസംക്രമ പൂജ നടക്കും. മകരവിളക്കിനു മുന്നോടിയായി ജനുവരി 12ന് എരുമേലി പേട്ടതുള്ളലും 13ന് പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. 14ന് പന്പവിളക്കും പന്പസദ്യയുമുണ്ടാകും.
ജനുവരി 19വരെ നെയ്യഭിഷേകമുണ്ടാകും. 20വരെ ഭക്തർക്ക് ദർശനം നടത്താം. അന്നു രാത്രി മാളികപ്പുറത്തു ഗുരുതി നടക്കും. 21നു രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയശേഷം നട അടയ്ക്കും.
മകരവിളക്ക്: ഭക്തജനത്തിരക്ക് മുന്നിൽ കണ്ട് ക്രമീകരണം
ശബരിമല: ഇന്ന് ആരംഭിക്കുന്ന ശബരിമല മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പൂർത്തിയായി. തീർഥാടനകാലത്തു ശബരിമലയിൽ സുരക്ഷയും ദുരന്തനിവാരണവും ഉറപ്പാക്കാൻ ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ മേൽനോട്ടത്തിൽ പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങി സേനാവിഭാഗങ്ങളും വനം, ആരോഗ്യം വകുപ്പുകളും അയ്യപ്പ സേവ സംഘം, വിശുദ്ധിസേനയും സുസജ്ജമായി രംഗത്തുണ്ട്.
മണ്ഡലകാലത്തെ അവസാനദിനങ്ങൾക്കു തൊട്ടുമുന്പായി അഭൂതപൂർവമായ ഭക്തജനത്തിരക്കും പന്പയിലേക്കുള്ള വാഹനങ്ങളുടെ വരവും വർധിച്ചതിനേ തുടർന്നുണ്ടായ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇത് ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിട്ടുണ്ട്. തീർഥാടകരെ തടയേണ്ട സാഹചര്യമുണ്ടായാൽ ഇടത്താവളങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങളും തുടർ യാത്രയ്ക്ക് സൗകര്യങ്ങളും ചെയ്യാനാണ് തീരുമാനം.
നിലയ്ക്കൽ – പന്പ റൂട്ടിലെ കെഎസ്ആർടിസി സർവീസുകൾ മുടക്കമില്ലാതെ ഓടിക്കാനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. മകരവിളക്ക് ദിവസത്തേക്ക് മാത്രമായി കെഎസ്ആർടിസി കൂടുതൽ ബസുകൾ ക്രമീകരിക്കുന്നുണ്ട്. പന്പയിലേക്കു വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യത്തിൽ തീർഥാടകരെ ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇതു മുൻകൂട്ടി അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. കാനനപാതയിൽ മണിക്കൂറുകൾ കുടുങ്ങിക്കിടക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.
അടിയന്തര ജോലികൾ;പൂർത്തിയാക്കി വിവിധ വകുപ്പുകൾ
ശബരിമല: 41 ദിവസത്തെ മണ്ഡലകാല തീർഥാടനത്തിനുശേഷം സന്നിധാനത്തെ ആഴിയിലെ കരി നീക്കം ചെയ്തതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് സന്നിധാനത്തെ വിശുദ്ധി സേനാംഗങ്ങൾ. മണിക്കൂറുകൾ നീണ്ട യത്നത്തിനൊടുവിൽ പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശുദ്ധി സേനയുടെ സഹായത്തോടെയാണ് കരി നീക്കം ചെയ്തത്.
നെയ്ത്തേങ്ങയിൽ നിന്ന് നെയ്യ് അഭിഷേകത്തിനായി മാറ്റിയ ശേഷമുള്ള തേങ്ങയാണ് ഭക്തർ ആഴിയിലെ ഹോമകുണ്ഡത്തിൽ സമർപ്പിക്കുന്നത്. പതിനെട്ടാംപടിക്കു മുന്നിലായി സ്ഥിതി ചെയ്യുന്ന ആഴി 2017ൽ നവീകരിച്ചിരുന്നു. ചൂടുകൂടിയ കരി ഉയർന്ന് അപകടമുണ്ടാകുന്നതു തടയാനും ആഴിയുടെ ഭിത്തിക്ക് കേടപാടുണ്ടാകുന്നത് ഒഴിവാക്കാനുമാണ് പൊതുമരാമത്ത് വകുപ്പ് പുതിയ സംവിധാനം ഒരുക്കിയത്.
ഇതോടൊപ്പം സന്നിധാനവും പരിസരവും ഒഴിവാകാതെ ശുചീകരണ പ്രവർത്തനങ്ങളുടെ അന്തിമഘട്ടത്തിലാണ് വിശുദ്ധി സേനാംഗങ്ങൾ. തിരക്ക് മൂലം പൂർണമായി വൃത്തിയാക്കാൻ കഴിയാതിരുന്ന തീർഥാടക പാത ശുചീകരിക്കുന്നതിലാണ് വിശുദ്ധിസേന കൂടുതൽ ശ്രദ്ധയൂന്നിയത്. ശബരിമല പരിസരത്ത് മാത്രം 290 വിശുദ്ധിസേനാംഗങ്ങൾ കർമനിരതരായിട്ടുണ്ട്. സന്നിധാനത്തിന് പുറമേ പന്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി മൊത്തം 900 വിശുദ്ധിസേനാംഗങ്ങൾ സേവനം ചെയ്യുന്നു.
പുണ്യം പൂങ്കാവനം സംരംഭത്തിന്റെ ശുചിത്വപ്രവർത്തനങ്ങളും നടന്നുവരികയാണ്. വലിയ നടപ്പന്തലിൽ പുണ്യം പൂങ്കാവനത്തിന്റെ സന്ദേശങ്ങൾ അറിയിക്കുന്ന വീഡിയോവാൾ ഇന്ന് സ്ഥാപിക്കും. മകരവിളക്ക് മഹോത്സവത്തിനുള്ള അരവണ, അപ്പം എന്നിവയുടെ നിർമാണവും പായ്ക്കിംഗും മുറയ്ക്ക് നടക്കുന്നുണ്ട്. കൊപ്ര കളത്തിന്റെ പ്രവർത്തനവും പൂർണസജ്ജമാണ്.
ജലവിതരണ പൈപ്പുകളിലെ ചോർച്ച നീക്കുന്നതുൾപ്പടെ അറ്റകുറ്റപ്പണികൾ ജലഅഥോറിറ്റി പൂർത്തീകരിച്ചു. എല്ലാ ജലവിതരണ സംവിധാനങ്ങളും പരിശോധിച്ചിട്ടുണ്ട്. കെഎസ്ഇബി യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി വിതരണത്തിലെ ന്യൂനതകൾ പരിഹരിച്ചു. കേടായ ട്യൂബ് ലൈറ്റുകൾ മാറ്റിസ്ഥാപിച്ചു. മറ്റുസംവിധാനങ്ങൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കി.