പേളി മാണി ബോളിവുഡിലേക്ക്. ബോളിവുഡ് ചിത്രമായ ‘ലുഡോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചാണ് അവതാരകയും നടിയുമായ പേര്‍ളി മാണി തന്റെ ബോളിവുഡ് അരങ്ങേറ്റം ആരാധകരുമായി പങ്കുവെച്ചത്. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ‘ലുഡോ’ പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. ചിത്രം 2020 ഏപ്രില്‍ 24നു റിലീസാകുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് താരം കുറിച്ചു.
പോസ്റ്ററില്‍ ഏത് അക്ഷരത്തിലാണ് താന്‍ ഭാഗമായിട്ടുള്ളതെന്നും തന്റെ നിറം എന്താണെന്നും ആരാധകര്‍ക്ക് പറയാനാവുമോ എന്നും പേളി ചോദിക്കുന്നു. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവതാരക എന്ന നിലയിലാണ് പേര്‍ളി ശ്രദ്ധിക്കപ്പെട്ടത്. കൈറ്റ്സ്, ബര്‍ഫി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ അനുരാഗ് ബസുവിന്റെ പുതിയ ചിത്രം ലുഡോയില്‍ അഭിഷേക് ബച്ചന്, രാജ്കുമാര് റാവു, ആദിത്യ റോയ് കപൂര്‍, ഫാതിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് പേളിയ്ക്കൊപ്പം അണിനിരക്കുന്നത്.