ഇന്ത്യയുടെ സുവർണ നഗരമാണ് രാജസ്ഥാനിലെ ജെയ്സാൽമർ. വിശിഷ്ടമായ കോട്ടകളും മരുഭൂമിയും എല്ലാം ഒത്തുചേരുന്ന നഗരം. ഇവിടുള്ള പുരാതന കെട്ടിടങ്ങൾ എല്ലാം തന്നെ നിർമിച്ചിരിക്കുന്നത് സവിശേഷമായ മഞ്ഞക്കല്ലുകൾ കൊണ്ടാണ്. ഇതിൽ സൂര്യപ്രകാശം പതിക്കുന്പോൾ ജെയ്സാൽമറിന് സ്വർണപ്രഭകൈവരും.
നിരവധി ബോളിവുഡ് സിനിമകൾ ജെയ്സാൽമറിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഇവിടേക്ക് സന്ദർശകർ കൂടുതലായും എത്തിത്തുടങ്ങിയത്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ജെയ്സാൽമർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ജെയ്സാൽമറിലെ കാഴ്ചകൾ പരിചയപ്പെടാം.
ജെയ്സാൽമർ കോട്ട
ജെയ്സാൽമർ നഗരത്തിൽ കുന്നിന്റെ മുകളിലാണ് ജെയ്സാൽമർ കോട്ട സ്ഥിതിചെയ്യുന്നത്. “സുവർണ കോട്ട’ എന്നും ഇത് അറിയപ്പെടുന്നു. സൂര്യകിരണങ്ങൾ പതിക്കുന്ന സമയത്ത് കോട്ട സ്വർണ നിറമായി മാറും. 1156ൽ രാജാ ജവാൽ ജയ്സാൽ ആണ് കോട്ട നിർമിച്ചത്. 250 അടി പൊക്കവും 1500 അടി നീളവുമുണ്ട് ഈ കോട്ടയ്ക്ക്. 90ലധികം ചെറുകോട്ടകൾ ജെയ്സാൽമർ കോട്ടയ്ക്കകത്തുണ്ട്. മനോഹരമായ മാളികകളും സൗധങ്ങളും അന്പലങ്ങളും ഇതിൽപ്പെടും. ജാലീസ്, ജറോഖാസ് എന്നിങ്ങനെയുള്ള കല്ലുകൾ കൊണ്ടാണ് കോട്ട നിർമിച്ചിരിക്കുന്നത്.
മുഗൾ, രജ്പുത്, ബ്രീട്ടീഷ് എന്നിങ്ങനെ വിവിധ ശക്തികൾ പല കാലങ്ങളായി കോട്ട ഭരിച്ചു. ഒടുവിൽ ഇത് അവിടത്തെ ജനങ്ങൾക്ക് താസിക്കാനായി വിട്ടുനൽകുകയായിരുന്നു. ഏകദേശം 4000ൽ അധികം ആളുകൾ ഇപ്പോഴും കോട്ടയ്ക്കകത്ത് താമസിക്കുന്നുണ്ട് എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ടൂറിസം, കച്ചവടം എന്നിവയാണ് ഇവിടുള്ളവരുടെ വരുമാന മാർഗം. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് സന്ദർശന സമയം.
താർ മരുഭൂമിയിലെ ക്യാന്പുകൾ
ജെയ്സാൽമറിലെ മറ്റൊരു ആകർഷണമാണ് താർ മരുഭൂമിയും ഇവിടുള്ള ക്യാന്പുകളും. താർ മരുഭൂമിയുടെ നടുവിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് സാം സാൻഡ് ഡ്യൂണ്സ്. ഇവിടെ വലിയ ഉയരത്തിലുള്ള മണൽക്കൂനകൾ കാണാൻ സാധിക്കും. ഈ മണൽക്കൂനകൾക്ക് ഇടയിലൂടെയുള്ള സൂര്യാസ്തമയം ഇവിടത്തെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ്.
ഒട്ടകങ്ങളിലോ ജീപ്പിലോ മരുഭൂമിയിലൂടെ സഫാരി നടത്താനുള്ള സൗകര്യവും സാം സാൻഡ് ഡ്യൂണ്സിൽ ലഭ്യമാണ്. ജെയ്സാൽമർ നഗരത്തിൽനിന്ന് 45 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം. മരുഭൂമിയിൽ ഏകദേശം 23 കിലോമീറ്റർ ചുറ്റളവിലായി നിരവധി ക്യാന്പുകളുണ്ട്. ഇതിൽ താമസിച്ച് വിഭവസമൃദ്ധമായ ഭക്ഷണവും ഒപ്പം സംഗീതവും ആസ്വദിക്കാം. കാടുകളിലോ കുന്നുകളിലോ ക്യാന്പ് ചെയ്യുന്നതിൽനിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് മരുഭൂമിയിലെ ക്യാന്പ് സമ്മാനിക്കുക. പാരാഗ്ലൈഡിംഗിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.
ഗാഡിസാർ തടാകം
സായാഹ്നം ചെലവഴിക്കാൻ പറ്റിയ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ജെയ്സാൽമറിലെ ഗാഡിസാർ തടാകം. മനോഹരമായ കാറ്റും പലതരം അപൂർവ പക്ഷികളും എത്തുന്ന സ്ഥലംകൂടിയാണ് ഇത്. എഡി 1400ൽ നിർമിച്ച ജല സംഭരണ കേന്ദ്രമായിരുന്നു ഗാഡിസാർ തടാകം. മഹർവാൾ ഗാഡ്സി സിംഗിന്റെ കാലത്താണ് ഇത് നിർമിച്ചത്. തടാകത്തിന്റെ തീരത്ത് മഞ്ഞ മണൽക്കല്ലുകൾ കൊണ്ട് നിർമിച്ച ഗേറ്റ്വേ ഉണ്ട്.
കമാനപാതയുടെ അരികിലായി ഒരു കൃഷ്ണ ക്ഷേത്രവും പണികഴിപ്പിച്ചിരിക്കുന്നു. ഇന്ദിരാഗാന്ധി കനാലിൽനിന്ന് തുടർച്ചയായി ജലവിതരണം ലഭിക്കുന്നതിനാൽ തടാകം ഒരിക്കലും വറ്റാറില്ല. ബോട്ട് സവാരിക്കുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. കാറ്റ്ഫിഷുകളുടെ ഒന്നിലധികം വകഭേദങ്ങളും ഗാഡിസാർ തടാകത്തിലുണ്ട്.
ബഡാ ബാഗ്
വിശാലമായ ഒരു ഉദ്യാനമാണ് ഇത്. ഭാട്ടി ഭരണാധികാരികൾ പണിയിച്ച സ്മാരക ശിലകൾ ഇവിടെ ധാരാളമുണ്ട്. ഇതിലേറ്റവും പുരാതനം രാജാവ് മഹാറാവൾ ജൈത് സിംഗിന്റെ സ്മാരകശിലയാണ്. നഗരത്തിൽനിന്നും 6 കിലോമീറ്റർ ദൂരെയാണ് ബഡാ ബാഗ്.
സ്മാരകങ്ങൾ എല്ലാം തന്നെ പണികഴിപ്പിച്ചിരിക്കുന്നത് കുടയുടെ രൂപത്തിലാണ്. ഉയർത്തിക്കെട്ടിയ തറയിൽനിന്ന് ഉയർന്നു വരുന്ന നാല് കാലുകളിൽ കുടയുടെ ആകൃതിയിൽ മേൽക്കൂര നിർമിച്ചിരിക്കുന്നു. ഒരു രാജാവിന്റെ മരണശേഷം എവിടെയാണോ ശരീരം ദഹിപ്പിക്കുന്നത് അവിടെയാണ് സ്മാരകവും പണികഴിപ്പിക്കുന്നത്. ഇന്ന് ജെയ്സാൽമർ പട്ടണത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്.
പത്വൻ കി ഹവേലി
ജെയ്സാൽമർ നഗരത്തിലെ ക്ലാസിക്കൽ വാസ്തുവിദ്യാ വിസ്മയമാണ് പത്വൻ കി ഹവേലി എന്നറിയപ്പെടുന്നത്. പത്വൻ താഴ്വരയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന ഈ ഹവേലിയിൽ 5 വ്യത്യസ്ത കൊട്ടാരങ്ങളുണ്ട്. 5 പത്വ സഹോദരൻമാർക്ക് വേണ്ടിയുള്ളതായിരുന്നു ഇത്. അതിഥികളെ ഉൾക്കൊള്ളുന്ന ഒരു ഹവേലിയുമുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധികാരത്തിലാണ് ഇവ.
മാളികയ്ക്കുള്ളിൽ പുരാതന ഫർണിച്ചറുകൾക്കായി ഒരു മ്യൂസിയവും ഷോപ്പും ഉണ്ട്. മഞ്ഞ മണൽ കല്ലാണ് മാളിക നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതിമനോഹരമായ മിറർ വർക്കുകളും മനോഹരമായ പെയിന്റിംഗുകളും കൊണ്ട് ചുവരുകൾ അലങ്കരിച്ചിരിക്കുന്നു. ഓരോ കമാനത്തിന്റെയും നിർമാണ സവിശേഷത എടുത്തു പറയേണ്ടതാണ്.
താർ ഹെറിറ്റേജ് മ്യൂസിയം
ജെയ്സാൽമർ നഗരത്തിലെ പ്രധാന മാർക്കറ്റിലാണ് താർ ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മി നാരായണ് ഖത്രിയായിരുന്നു ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ. പ്രസിദ്ധമായ താർ മരുഭൂമിയുടെ ചരിത്രം, സംസ്കാരം, കല, വാസ്തുവിദ്യ എന്നിവ മ്യൂസിയത്തിൽ അവതരിപ്പിക്കുന്നു.
ദശലക്ഷം വർഷത്തിലേറെ പഴക്കമുള്ള കടൽ ഫോസിലുകൾ, കടൽ താർ മരുഭൂമിയായി മാറിയത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ഇവിടെനിന്ന് നമുക്ക് മനസിലാക്കാം. പുരാതനമായ പല ശേഷിപ്പുകളും ജെയ്സാൽമറിന്റെ രേഖകളും നാണയങ്ങളും പുരാതന കൈയെഴുത്തു പ്രതികളും ആയുധങ്ങളും ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.ന