ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ഹിംസാത്മക പ്രവൃത്തികൾ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ലെന്ന് പ്രിയങ്ക പരിഹസിച്ചു.
നിയമപരമല്ലാത്തതും അരാജകത്വത്തിലേക്ക് നയിക്കുന്നതുമായ നിരവധി നടപടികളാണ് യുപിയിൽ സംസ്ഥാന സർക്കാരും പോലീസും സ്വീകരിച്ചു വരുന്നത്. എന്റെ സുരക്ഷയെ കുറിച്ചുള്ള ചോദ്യം ഇവിടെ പ്രസക്തമല്ല. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചാണ് ഞങ്ങൾ ഉന്നയിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ഇതിനിടെ, തനിക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന് പരാതി നൽകി. പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് ഉത്തർപ്രദേശിൽ അറസ്റ്റിലായ മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കു പോകുന്നതിനിടെയാണ് പ്രിയങ്കയെ പോലീസ് തടഞ്ഞത്.