ചെങ്ങന്നൂർ : ശന്പളം മുടങ്ങിയതു മൂലം മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ പ്രക്ഷോഭവുമായി രംഗത്ത്. കഴിഞ്ഞ മൂന്നു മാസമായി ജീവനക്കാർക്ക് ശന്പളം ലഭിക്കുന്നില്ലെന്നാണ് പരാതി. നേരത്തെ ഉണ്ടായിരുന്ന മാനേജ്മെന്റ് മാറി പുതിയ മാനേജ്മെന്റ് ആറു മാസം മുന്പ് ചുമതലയേറ്റു. ഇതേ തുടർന്നാണ് ആശുപത്രിയുടെ പ്രവർത്തനം മന്ദഗതിയിലായത്.
തുടർന്ന് പ്രധാന ഡോക്ടർ അടക്കം മൂന്നുപേർ ചേർന്ന് ആശുപത്രി ഏറ്റെടുക്കുകയായിരുന്നു. 100 ദിവസത്തെ പ്രവർത്തനവുമായി ആശുപത്രിയെ കരകയറ്റാം എന്നും, ഞങ്ങളോടൊപ്പം നിങ്ങളും ഉണ്ടാവണം എന്നുള്ള വാഗ്ദാനവും നൽകിയാണ് പുതിയ മാനേജ്മെന്റ് ആശുപത്രി ചുമതല ഏറ്റത്. ശന്പളം ഗഡുക്കളായി നൽകാം എന്ന വാക്ക് തുടക്കത്തിൽ പാലിച്ചെങ്കിലും പിന്നീട് ലംഘിക്കപ്പെട്ടു. ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയിൽ രോഗികളുടെ എണ്ണം ദൈനം ദിനം വർധിച്ചു വന്നു.
എന്നാൽ ജീവനക്കാർ ശന്പളം ചോദിച്ചതോടെ മുഴുവൻ കിടപ്പു രോഗികളെയും പന്തളത്തിനടുത്ത് ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ പ്രശ്നം പരിഹരിക്കുവാൻ മാനേജ്മെന്റ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പ്രക്ഷോഭം ആരംഭിച്ചത്. ആശുപത്രി പ്രവർത്തനം നിലച്ചതോടെ പലരും ആത്മഹത്യയുടെ വക്കിലാണ്. തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാവണമെന്നാണ് സമരസമിതിയുടെ ആവശ്യം.