സ്വന്തംലേഖകൻ
തൃശൂർ: അവസാന വർഷത്തെ മേയർ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായി നിന്ന സിപിഎമ്മിന് ഏറ്റ പ്രതീക്ഷിക്കാത്ത തിരിച്ചടി പരിഹരിക്കാനാകാതെ നേതൃത്വം. സിപിഐ പ്രതിനിധിയായ മേയർ അജിത വിജയൻ കഴിഞ്ഞ 12ന് കരാർ പ്രകാരം രാജിവയ്ക്കേണ്ടതായിരുന്നു. എന്നാൽ മേയർ സ്ഥാനം ഒഴിയുന്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയാതായതോടെയാണ് തൽക്കാലം രാജിവയ്ക്കണ്ടായെന്ന് സിപിഐ ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയത്. ഇതോടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ നേതൃത്വം നൽകേണ്ട സിപിഎം തന്നെയാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ജനതാദളിലെ ഷീബ ബാബുവിനെ രാജിവയ്പ്പിച്ച് ആ സ്ഥാനം സ്ഥാനമൊഴിയുന്ന മേയർക്ക് നൽകാമെന്നായിരുന്നു സിപിഎമ്മിന്റെ ധാരണ. എന്നാൽ ഷീബ ബാബു തൽക്കാലം രാജിവയ്ക്കില്ലെന്നറിയിച്ചതോടെ സ്വന്തം പാർട്ടിക്കാരനായ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ശ്രീനിവാസനെ രാജിവയ്പ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
കുറച്ചു നാളുകളായി കോർപറേഷൻ യോഗത്തിൽ വരാതെയും സിപിഎം നേതാവായ വർഗീസ് കണ്ടംകുളത്തിയുടെ പല നിലപാടുകളോടും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന ശ്രീനിവാസനെ ഒതുക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നത്. ചെയർമാൻ സ്ഥാനം രാജിവയ്പ്പിച്ചാൽ കൗണ്സിൽ സ്ഥാനവും രാജിവയ്ക്കുമെന്ന് ശ്രീനിവാസൻ ഭീഷണി മുഴക്കിയത്രേ.
ശ്രീനിവാസനെ ഒതുക്കി വർഗീസ് കണ്ടംകുളത്തിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിവു വരുന്പോൾ നൽകാനുള്ള നീക്കത്തിലും കൗണ്സിലർമാർക്കിടയിലും പാർട്ടിക്കുള്ളിലും എതിർപ്പുണ്ട്. അതിനാൽ പാർട്ടിയും ശ്രീനിവാസനോട് രാജിവയ്ക്കാൻ ആവശ്യപ്പെടില്ല. ഇതോടെ പ്രശ്നം സിപിഎം, സിപിഐ പാർട്ടികളുടെ സംസ്ഥാനതലത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ജില്ലാ കമ്മിറ്റികളിൽ ചർച്ച ചെയ്ത് പരിഹരിക്കാൻ സാധിക്കാത്തതിനാലാണ് സംസ്ഥാന തലത്തിൽ ജനതാദളിലും ഇടതു പാർട്ടികളിലും വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമം നടത്തുന്നത്.