ചിറ്റൂർ: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനു റോഡ് വെട്ടിപ്പൊളിച്ചത് സുരക്ഷിതമായി നികത്താത്തതിനാൽ വാഹന, കാൽനടയാത്ര ദുരിതത്തിൽ. നിലവിൽ റോഡിനു നടുവിൽ തന്നെയാണ് നടപ്പാത വെട്ടിപ്പൊളിച്ച് കുഴിയെടുത്തിരിക്കുന്നത്. ചിറ്റൂർ പുഴപ്പാലത്തുനിന്നും പൊക്കുന്നിവഴിയാണ് വൻകിടജലപദ്ധതിക്കായി പൈപ്പിടാനുള്ള പ്രവൃത്തികൾ നടക്കുന്നത്.
കുഴി കൃത്യമായി മൂടാത്തതിനാൽ കഴിഞ്ഞദിവസം ഇരുചക്രവാഹനം കുഴിയിലേക്കു തെന്നിവീണ് യാത്രക്കാരനു പരിക്കേറ്റിരുന്നു. അഞ്ചു സ്വകാര്യബസുകളും സഞ്ചരിക്കുന്ന റോഡിന്റെ വീതിക്കുറവും കുഴികളുംമൂലം യാത്രക്കാരുമായി ബസുകൾ ഇഴഞ്ഞുനീങ്ങുകയാണ്. കുണ്ടും കുഴികളുമായി സഞ്ചാരയോഗ്യമല്ലാതായ റോഡിൽ ഇത്തരത്തിൽ കുഴിയെടുത്തതോടെ വഴിയാത്ര അപകടഭീഷണിയിലാണ്.
റോഡിന്റെ തകർച്ച ശരിയാക്കണമെന്ന് ഗ്രാമസഭകളിൽ പരാതി നല്കാറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ലത്രേ. ഈ സാഹചര്യത്തിൽ കൊശവൻകോട്, പൊക്കുന്നി, കരിപ്പാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റോഡുവക്കത്തെ കുഴികൾ എത്രയുംവേഗം സഞ്ചാരയോഗ്യമാകുന്ന രീതിയിൽ മൂടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.