ലക്നോ: അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ സ്ഥലങ്ങൾ കണ്ടെത്തി. അയോധ്യക്കു പുറത്ത് അഞ്ചിടത്താണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്. മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലായാണിത്. അയോധ്യയുടെ 15 കിലോമീറ്റർ ചുറ്റളവിന് പുറത്താണ് യുപി സർക്കാർ കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങൾ. ദേശീയപാതകളുടെ സമീപത്താണ് സ്ഥലങ്ങളെന്നും സർക്കാർ അറിയിച്ചു.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പകരമായി പള്ളി നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ഭാഗമായിട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. എന്നാൽ പകരം ഭൂമി സ്വീകരിക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. പൊരുതിയത് പകരം ഭൂമിക്കുവേണ്ടിയായിരുന്നില്ല. സുന്നി വഖഫ് ബോർഡിനുമേൽ കേന്ദ്രസർക്കാർ സമ്മർദം ഉണ്ടായിട്ടുണ്ടെന്നും അവർ അറിയിച്ചു.