തൃക്കരിപ്പൂർ: ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമ്പോൾ അതിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് പേപ്പർ ബാഗ് നിർമാണ യൂണിറ്റുകൾ. കുടുംബശ്രീ യൂണിറ്റുകളും ചെറുകിട സംരംഭങ്ങളുമായി ആയിരത്തോളം പേപ്പർ ബാഗ് നിർമാണ യൂണിറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നത്.
പ്ലാസ്റ്റിക് കാരി ബാഗുകളുടെ അനിയന്ത്രിതമായ പെരുപ്പമാണ് പ്ലാസ്റ്റിക് നിരോധനത്തിന് പ്രധാനമായും കാരണമായത്. ഇവയ്ക്കു പകരമായി എല്ലാ തലങ്ങളിലും ഉപയോഗിക്കാനുതകുന്ന തരത്തിലുള്ള പേപ്പർ ബാഗുകൾ നിർമിച്ചു വിതരണംചെയ്തുവരുന്നുണ്ടെന്നു തൃക്കരിപ്പൂർ തലിച്ചാലത്ത് പ്രവർത്തിക്കുന്ന പേപ്പർ ബാഗ് നിർമാണ യൂണിറ്റ് കോ-ഓർഡിനേറ്റർ സി.പി. ഹരിഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന നിരവധി പേപ്പർ ബാഗ് നിർമാണ യൂണിറ്റുകളുണ്ട്. ജ്വല്ലറികൾ, തുണിക്കടകൾ, ബേക്കറികൾ, ഫാൻസി കടകൾ, കണ്ണട വിൽപ്പന ശാലകൾ തുടങ്ങിയവർക്കെല്ലാം ആവശ്യമായ രൂപത്തിൽ പേപ്പർ ബാഗുകൾ നിർമിച്ചു കൊടുക്കുന്നുണ്ട്.
നാല് രൂപ മുതൽ 12 രൂപ വരെ വിലയുള്ള പേപ്പർ ബാഗുകളാണ് നൽകിവരുന്നത്. ലക്ഷങ്ങൾ മുടക്കി സംരംഭങ്ങൾ ആരംഭിച്ച പലർക്കും സർക്കാർ ഏജൻസികളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതിനാൽ പിന്നോക്കം പോകേണ്ടിവന്നിരുന്നു. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമ്പോൾ ഖാദി ഗ്രാമവ്യവസായ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സംരംഭകർക്ക് പ്രത്യാശക്ക് വഴിതുറക്കുകയാണ്.