തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കുളള നിരോധനം നിലവിൽ വന്നു. വ്യാപാരികളുടെ എതിർപ്പിനിടെയാണ് നിരോധനം നടപ്പാക്കിയത്. ഈ മാസം 15 വരെ ശിക്ഷാ നടപടി ഉണ്ടാകില്ല. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.
നവംബറിലാണ് മന്ത്രിസഭ യോഗം തീരുമാനമെടുത്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവർ, പ്ലേറ്റ്, സ്ട്രോ, അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുളള പേപ്പർ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം. ബ്രാൻഡഡ് വസ്തുക്കളുടെ കവറുകൾ, അരലിറ്ററിന് മുകളിലുളള കുടിവെളള കുപ്പികൾ, മത്സ്യം ഇറച്ചി ധാന്യങ്ങൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയ്ക്കെല്ലാം പിന്നീട് ഇളവ് ഏർപ്പെടുത്തി.