കോട്ടയം: തിരക്കേറിയ നഗരമധ്യത്തിൽ നിരവധിയാളുകൾ നോക്കിനിൽക്കെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ ഇന്നു തെളിവെടുപ്പിനെത്തിക്കും. ഇന്നലെ വൈകുന്നേരം 6.15ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിനു മുന്നിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം. പുതുവത്സരാഘോഷത്തിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ പോലീസ് കനത്ത ജാഗ്രത തുടരുന്നതിനിടയിലാണു കത്തിക്കുത്ത് നടന്നത്. തിരുവഞ്ചൂർ വലിയപറന്പിൽ എം.ഐ. തോമസിന്റെ മകൻ സുമിത്താ (38) ണു കൊല്ലപ്പെട്ടത്.
കുത്തിയശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുമരകം ചൂളഭാഗം കുടിലിൽ രഞ്ജിത്തി(46)നെ ദൃക്സാക്ഷികളും വഴിയാത്രക്കാരും പിടികൂടി പോലീസിൽ ഏൽപിച്ചു. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. അക്രമത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്തിനെ നാട്ടുകാർ പിടികൂടുന്നതിനിടെ മർദനമേറ്റ ഇയാൾ ജനറൽ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്. കൊല്ലപ്പെട്ട സുമിതും പ്രതി രഞ്ജിത്തും നല്ല മദ്യലഹരിയിലായിരുന്നുവെന്നു പറയുന്നു.
പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തേക്ക് കയറുന്ന ഫുട്പാത്തിൽ നിന്ന് ഇരുവരും വാക്കു തർക്കമുണ്ടായി. രഞ്ജിത് ഒരു സംഘടനയുടെ പേരിൽ സുമിത്തിനോട് പലതവണ പിരിവ് ചോദിച്ചെങ്കിലും കൊടുത്തില്ലെന്നും ഇതേ ചൊല്ലിയാണ് വാക്കു തർക്കമുണ്ടായതെന്നും പോലീസ് പറഞ്ഞു.തർക്കം മൂത്ത് രഞ്ജിത് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സുമിത്തിനെ കുത്തുകയായിരുന്നു.
ഇടതു നെഞ്ചിനു താഴെയാണ് കുത്തേറ്റത്. ഉടൻ തന്നെ വഴിയാത്രക്കാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് സുമിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ വഴി മധ്യേ മരണം സംഭവിച്ചു. സുമിത് കുത്തേറ്റ് വീണയുടൻ രഞ്ജിത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് പിടികൂടി.
പിന്നീട് പോലീസിന് പ്രതിയെ കൈമാറി. ഗാർഡൻ ജോലികൾ ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട സുമിത്. ഓമന തോമസാണ് അമ്മ. സുബിന, സുബി എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം വടവാതൂർ സെന്റ് സ്റ്റീഫൻസ് മാർത്തോമാ പള്ളിയിൽ ഇന്നു നടക്കും.