ലഖ്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പോയ സ്കൂട്ടറിന് ട്രാഫിക്ക് പോലീസ് ചുമത്തിയ പിഴ താൻ സ്വന്തമായി അടയ്ക്കുമെന്ന് ഉടമ. രജ്ദീപ് സിംഗ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. രാജസ്ഥാനിലെ ജഹാസ്പൂർ മുൻ എംഎൽഎയായ ധീരജ് ഗുഹാറാണ് പ്രിയങ്കയുമായി സ്കൂട്ടറിൽ പോയത്. താൻ സ്കൂട്ടറുമായി പോകുന്ന വഴി പ്രിയങ്കയ്ക്ക് സഞ്ചരിക്കനായി ധീരഡ് ഗുഹാർ സ്കൂട്ടർ ചോദിക്കുകയായിരുന്നു.
ഒരു നിമിഷംപോലും ആലോചിക്കാതെ താൻ സ്കൂട്ടർ നൽകുകയായിരുന്നെന്ന് രജ്ദീപ് പറഞ്ഞു. പിഴയായി ചുമത്തിയ തുക പ്രിയങ്ക ഗാന്ധിയിൽ നിന്നോ കോണ്ഗ്രസ് ഓഫീസിൽ നിന്നോ സ്വീകരിക്കില്ലെന്നും രജ്ദീപ് സിംഗ് വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസിന് 2500 രൂപ, ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ, ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് 300 രൂപ, തെറ്റായ നന്പർ പ്ലേറ്റിന് 300 രൂപ, അമിത വേഗത്തിന് 2,500 രൂപ എന്നിങ്ങനെ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയതെന്നാണ് വിവരം.
യുപിയിൽ അന്യായമായി അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസർ എസ്.ആർ. ദാരാപുരിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രിയങ്കയെ പോലീസ് തടഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അർബുദരോഗബാധിതനായ, 76 കാരൻ എസ്.ആർ ദാരാപുരിയെ ലഖ്നോവിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് ജയിലിലടയ്ക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ ലഖ്നോവിലെ ലോഹ്യ ക്രോസിങ്ങിൽ വച്ച് പോലീസ് തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നടന്നും സ്കൂട്ടറിൽ സഞ്ചരിച്ചുമാണ് പ്രിയങ്ക ദാരാപുരിയുടെ വസതിയിലെത്തിയത്.