തിരക്കഥാകൃത്ത് ബെന്നി പി. നായരന്പലത്തിനെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. കല്യാണരാമൻ, ചാന്ത്പൊട്ട്, തൊമ്മനും മക്കളും, പോത്തൻവാവ, ഛോട്ടാമുംബൈ, അണ്ണൻ തന്പി, മേരിക്കുണ്ടൊരു കുഞ്ഞാട്, സൗണ്ട് തോമ തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ മകൾ അന്ന ബെൻ കേവലം രണ്ട് സിനിമകൾ കൊണ്ട് മലയാളത്തിലെ പുത്തൻ നായികമാരുടെ ഗണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരവുമാണ്. കുന്പളങ്ങി നൈറ്റ്സ്, ഹെലൻ തുടങ്ങിയ ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു അന്ന.
എന്നാൽ ഇതുവരെ തിരക്കഥാകൃത്തായ അച്ഛനോടൊപ്പം അന്ന ഒരു ചിത്രം ചെയ്തിരുന്നില്ല. ആ വിഷമം എന്നാൽ ഇനി മാറുകയാണ്. അന്ന നായികയാകുന്ന പുതിയ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കാനായി ഒരുങ്ങുകയാണ് ബെന്നി പി. നായരന്പലം എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട സുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞിരിക്കുന്ന വിവരം.
2020-ൽ സംവിധായകൻ ഷാഫി ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിക്കാൻ ഒരുങ്ങുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഷാഫിയുടെ നിരവധി ചിതങ്ങൾക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ആളുമാണ് ബെന്നി പി. നായരന്പലം.
കല്യാണരാമൻ, തൊമ്മനും മക്കളും, ലോലിപോപ്പ്, ചട്ടന്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി ചിത്രങ്ങൾ ഇത്തരത്തിൽ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കുറി അഭിനേതാവായാണ് ബെന്നി പി. നായരന്പലം ഷാഫിയോടൊപ്പം കൈകോർക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.