മൂവാറ്റുപുഴ: പ്രളയത്തിൽ നശിച്ച തോട്ടഞ്ചേരി തൂക്കുപാലം പുനർനിർമിക്കാത്തതിൽ പ്രതിഷേധം വ്യാപകം. ആയവന പഞ്ചായത്തിൽ കാളിയാർ പുഴയ്ക്കു കുറുകെ നിർമിച്ചിരിക്കുന്ന തൂക്കുപാലമാണ് 2018ലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ഇതോടെ നൂറുകണക്കിനാളുകളുടെ യാത്രമാർഗം ഇല്ലാതായി.
തോട്ടഞ്ചേരി -കാരിമറ്റം പ്രദേശങ്ങളെയും കടുംപിടി -കാലാന്പൂര് പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് 2002ൽ തൂക്കുപാലം നിർമിച്ചത്. കാരിമറ്റം -തോട്ടഞ്ചേരി പ്രദേശങ്ങളിലുള്ളവർക്ക് ആയവന പഞ്ചായത്ത് ആസ്ഥാനത്തേക്കും കൊച്ചി ദേശീയപാതയിലേക്കും എളുപ്പത്തിൽ എത്തിച്ചേരുന്നതിനും കാലാന്പൂര്, കടുംപിടി പ്രദേശങ്ങളിലുള്ളവർക്ക് രണ്ടാർ, തൊടുപുഴ – മൂവാറ്റുപുഴ റോഡിലേക്കും എത്തിച്ചേരുന്നതിനും തൂക്കുപാലം ഏറെ പ്രയോജനകരമായിരുന്നു.
പാലം വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ സ്കൂൾകുട്ടികളടക്കമുള്ളവർ ദുരിതത്തിലായിരിക്കുകയാണ്. ഇതേത്തുടർന്ന് നാട്ടുകാർ അധികൃതർക്ക് പലവട്ടം പരാതി നൽകുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതോടെ കെൽ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി തൂക്കുപാലം പുനർനിർമിക്കുന്നതിനായി രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കുകയും ചെയ്തിരുന്നു.
പിന്നീട് തുടർ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന തോട്ടഞ്ചേരി പാലം നിർമാണം പിന്നീട് പദ്ധതിയിൽനിന്നുതന്നെ ഒഴിവാക്കപ്പെടുകയായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബാഷ് കടയ്ക്കോട്ട് പറഞ്ഞു. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.