കോഴിക്കോട്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികാലഘട്ടത്തിലൂടെയാണ് വ്യാപാര മേഖല കടന്നുപോകുന്നത്. സാമ്പത്തികമാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത് വ്യാപാരികളെതന്നെയാണ്. സംസ്ഥാനത്ത് കഴിഞ്ഞരണ്ടുവര്‍ഷത്തിനിടെ ഏറ്റവും വലിയ പ്രയാസം നേരിടുകയാണ് വ്യാപാരികള്‍.
പുതുവര്‍ഷത്തില്‍ പ്രതീക്ഷകള്‍ വാനോളമാണെങ്കിലും വ്യാപാരികളുടെ ആശങ്ക ഒഴിയുന്നില്ല. ജിഎസ്ടി, സാമ്പത്തിക മാന്ദ്യം, പ്രളയം, പുതുവര്‍ഷം മുതലുള്ള പ്ലാസ്റ്റിക് നിരോധനം എന്നിവയെല്ലാം വ്യാപാരികള്ക്കുണ്ടാക്കുന്ന ആശങ്ക ചില്ലറയല്ല. അപ്പോഴും 2020-നെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മാറി വരുന്ന സര്‍ക്കാരുകളില്‍ തികഞ്ഞ പ്രതീക്ഷയാണുള്ളതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറയുന്നു.
2019 വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായിരുന്നു. മുന്‍പില്ലാത്തവിധം നിരവധിപ്രതിസന്ധികള് തരണം ചെയ്യേണ്ടിവന്നു, ഇപ്പോഴും തരണം ചെയ്തുകൊണ്ടിരിക്കുന്നു. പ്രളയത്തില്‍ കടകളില്‍ വെള്ളം കയറിയപലര്ക്കും അര്‍ഹമായ നഷ്ടപരിഹാരം പോലും ഇതുവരെ ലഭിച്ചിട്ടില്ല. ചെറുകിടകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ പ്രതിസന്ധിയിലാണ്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം “രാഷ്ട്രദീപിക’ യോടുപ്രതികരിച്ചു.
പ്ലാസ്റ്റിക് നിരോധനത്തോട് എതിര്‍പ്പില്ല. എന്നാല്‍ അത് നടപ്പിലാക്കുന്നതില്‍ സാവകാശം വേണം. ബദല്‍ സംവിധാനമില്ലാതെ എങ്ങനെയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ആദ്യഘട്ടത്തില്‍ പതിനായിരം, പിന്നെ ഇരുപതിനായിരം, അതും കഴിഞ്ഞ് അമ്പതിനായിരം എന്നിങ്ങനെയാണത്രെ സര്‍ക്കാര്‍ പിഴ ഈടാക്കാന്പോകുന്നത്. അത് നടക്കില്ല.
നിരോധനമല്ല മാലിന്യസംസ്കരണ സംവിധാനമാണ് ആദ്യം വേണ്ടത്. ബദല്‍ സംവിധാനം കാണാതെ വ്യാപാരികള്‍ക്കെതിരെ നടപടിയെടുത്താല്‍ അനിശ്ചിതകാലത്തേക്ക് സംസ്ഥാനം മുഴുവന്‍ കടകളടച്ചിടുന്നതടക്കമുള്ള സമരം ആരംഭിക്കും.മില്‍മയ്ക്കും വലിയ കമ്പനികള്‍ക്കും ബാധകമല്ലാത്ത നിയമം ചെറുകിടക്കാരെ തകര്‍ക്കാനാണ്. ജനുവരി എട്ടിനുള്ള ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഓടുകയാണെങ്കില്‍ കടകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.