തൃശൂർ: നിക്ഷേപത്തുകയുമായി സ്ഥാപന ഉടമ മുങ്ങിയതായി പരാതി. കല്ലൂർ-നായരങ്ങാടി വട്ടക്കുഴി ട്രേഡ് ആൻഡ് ഇൻവെസ്റ്റേഴ്സ് സ്ഥാപന ഉടമയാണ് തങ്ങളുടെ നിക്ഷേപവുമായി മുങ്ങിയതെന്നു പണം നഷ്ടപ്പെട്ടവരുടെ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപത്തിനു 13 ശതമാനം മുതൽ 15 ശതമാനംവരെ പലിശ നൽകിയിരുന്നു. വരുമാനം കൂടുതൽ കിട്ടുമെന്ന പ്രതീക്ഷയിൽ നിരവധി പേർ പണം നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ 25 ദിവസത്തോളമായി സ്ഥാപന ഉടമയെ കാണാനില്ല. ഏകദേശം അന്പതു കോടി രൂപയിലേറെ നിക്ഷേപവുമായാണ് മുങ്ങിയതെന്നു നിക്ഷേപകർ പറഞ്ഞു. ഇരുപത്തഞ്ചോളം നിക്ഷേപകർ ഇതിനകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പുതുക്കാട് പോലീസ് 19നു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപനം അടച്ചുപോയ ഉടമ എവിടെയാണെന്ന് അറിയില്ലെന്നാണ് പറയുന്നത്. ഇയാൾ നടത്തിയിരുന്ന ജ്വല്ലറിയും സൂപ്പർ മാർക്കറ്റുകളും അടച്ചിട്ടിരിക്കയാണ്. വിവാഹാവശ്യത്തിനും മറ്റും പണം നിക്ഷേപിച്ചവർ ഇപ്പോൾ എന്തുചെയ്യണമെന്നറിയാതെ കഷ്ടത്തിലായിരിക്കയാണ്.
പത്രസമ്മേളനത്തിൽ നിക്ഷേപകരായ പി.വി.ജയചന്ദ്രൻ, എൽസി ജോർജ്, സി.എ.ബാബു, കെ.എ.രാമചന്ദ്രൻ, ഫ്രീജോ ജോർജ് എന്നിവർ പങ്കെടുത്തു.