തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തെ എതിർക്കാതിരുന്നത് ഒരാളുടെ എതിർപ്പിന് പ്രസക്തിയില്ലെന്നുകണ്ടാണെന്ന് ബിജെപി എംഎൽഎ ഒ. രാജഗോപാൽ. പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് മനപൂർവമായിരുന്നു. ഒരാളുടെ എതിർപ്പിന് പ്രസക്തിയില്ലെന്ന് തോന്നി. അതിനാലാണ് പ്രമേയത്തെ എതിർക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം അവസാനിപ്പിച്ചതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് ഈ പ്രമേയത്തെയും എതിർക്കാതിരുന്നതെന്നും രാജഗോപാൽ പറഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തെ ഒ. രാജഗോപാൽ എതിർത്തിരുന്നില്ല. ചർച്ചയ്ക്കു ശേഷം പ്രമേയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കൈ ഉയർത്താൻ ആവശ്യപ്പെട്ടപ്പോൾ രാജഗോപാൽ പ്രതികരിച്ചില്ല. എന്നാൽ സഭയിൽ പ്രമേയത്തെ എതിർത്ത് സംസാരിച്ചിരുന്നു.