വടകര: പ്രമാദമായ കൂടത്തായി കേസില്‍ പോലീസ് ആദ്യ കുറ്റപത്രം സമര്‍പിച്ചു. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പിച്ചിരിക്കുന്നത്. വളരെ സംതൃപ്തിയോടെയാണ് നടപടിയെന്ന് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാസപരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ , എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ ജോളി വ്യാജമായുണ്ടാക്കിയതാണെന്ന് എസ്പി പറഞ്ഞു. ഇവയുടെ പകര്‍പ്പുകളും കുറ്റപത്രത്തിനൊപ്പം സമര്‍പിച്ചിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടിയതു കേസില്‍ സഹായകമായെന്ന് എസ്പി പറഞ്ഞു.
റോയി വധക്കേസില്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമല്ലെന്ന് എസ്പി പറഞ്ഞു. കേസില്‍ വ്യാജ ഒസ്യത്ത് നിര്‍ണായക തെളിവാണ്. ജോളി സയനൈഡ് കൈവശം വെച്ചതിനും തെളിവുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയ് തോമസ് വധത്തില്‍ പങ്കില്ലെന്നു കെജി സൈമണ്‍ പറഞ്ഞു.ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് റോയ് തോമസ് വധക്കേസില്‍ ഭാര്യ ജോളിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
റോയ് തോമസ് സയനൈഡ് ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആറു ദുര്‍മരണങ്ങളില്‍ റോയ് തോമസിന്റെ കേസില്‍ മാത്രമാണ് മൃതദേഹപരിശോധന നടന്നത്. റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്.ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്