സ്വന്തംലേഖകന്‍
കോഴിക്കോട്: പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെ ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വിവിഐപികളുടെ സന്ദര്‍ശനത്തിനിടയിലും മറ്റു പൊതുപരിപാടികള്‍ക്കിടയിലും ആള്‍ക്കൂട്ടത്തിനുള്ളില്‍ നുഴഞ്ഞു കയറുന്ന ഭീകരരെയും കുറ്റവാളികളേയും കണ്ടെത്താന്‍ ഡ്രോണ്‍ കാമറ റെഡി. കോഴിക്കോട് സൈബര്‍ ഡോം ആണ് ഇന്ത്യയില്‍ തന്നെ ആദ്യമായി ഇത്തരത്തിലുള്ള നൂതന സംവിധാനം വികസിപ്പിച്ചെടുത്തത്. കൊടും കുറ്റവാളികളേയും വാറണ്ട് കേസ് പ്രതികളേയും കണ്ടെത്തുന്നതിന് ഇവരെ പിടികൂടുന്നതിനും ഇത് ഏറെ സഹായകമാരമാകും.
കോഴിക്കോട് കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയകരമായിരുന്നു. ശബരിമലയില്‍ അടുത്ത ദിവസം വീണ്ടും പരീക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥിരം കുറ്റവാളികളുടേയും വാറണ്ട് കേസ് പ്രതികളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള പൂര്‍ണവിവരങ്ങള്‍ സംസ്ഥാന ക്രൈംറെക്കോര്‍ഡ് ബ്യൂറോ ശേഖരിച്ചിട്ടുണ്ട്. ഇവ ഡിജിറ്റല്‍ രൂപത്തിലാക്കി ഡാറ്റാബേസും തയാറാക്കിയിട്ടുണ്ട്. ജില്ലാ ക്രൈംറെക്കോര്‍ഡ് ബ്യൂറോയിലും ഈ ഡാറ്റകളുണ്ട്. ഇത്തരത്തില്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയ ഡാറ്റയിലൂടെയാണ് ഡ്രോണ്‍ കുറ്റവാളികളെ കണ്ടെത്തുന്നത്.
പൊതുപരിപാടികളിലും തിരക്കേറിയ സ്ഥലങ്ങളിലും ഡ്രോണ്‍ പറത്തുകയും കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ സൈബര്‍ ഡോമിലെ കണ്ട്രോള് റൂമില്‍ നേരിട്ട് കാണുകയും ചെയ്യും വിധത്തിലാണ് സംവിധാനമൊരുക്കിയത്. ഇത്തരത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ഡറ്റാബേസില് സൂക്ഷിച്ച കുറ്റവാളികളുടെ ദൃശ്യങ്ങളുമായി സാമ്യമുണ്ടെങ്കില്‍ ചുവപ്പ് നിറത്തില്‍ കാമറ അടയാളം കാണിക്കും.
ബീപ്പ് ശബ്ദത്തോടെ അലാറവും ശബ്ദിക്കും. ഇതിനൊപ്പം കുറ്റവാളിയുടെ കൃത്യമായ ലൊക്കേഷന്‍ രേഖപ്പെടുത്തുകയും ചെയ്യും. ഈ ലൊക്കേഷന്‍ കണ്ട്രോള് റൂം വഴി ലോക്കല്‍ പോലീസിന് കൈമാറുകയും പ്രതികളെ പിടികൂടുകയും ചെയ്യും. കുറ്റവാളികളുടെ ഫേസ് ഡിറ്റക്ഷനിലൂടെയാണ് ഇവ സാധ്യമാവുന്നത്. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണിന് ദൃശ്യങ്ങള്‍ പകര്‍ത്താനാവും.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നൂതന രീതിയില്‍ കുറ്റവാളികളെ കണ്ടെത്താനുള്ള സംവിധാനമൊരുക്കുന്നതെന്നാണ് സൈബര്‍ഡോം വിദഗ്ധര്‍ പറയുന്നത്. വിവിഐപികളുടെ സന്ദര്‍ശന വേളയിലും ഇത് ഏറെ ഗുണകരമാവും.
നാഷണല്‍ ക്രൈംറെക്കോര്‍ഡ് ബ്യൂറോയില്‍ നിന്നുള്ള ഡാറ്റകളും കൊടും ഭീകരരുടെ വിവരങ്ങള്‍ സഹിതമുള്ള ഇന്റര്‍പോള്‍ തെരയുന്ന കുറ്റവാളികളുടെ വിവരങ്ങളും കൂടി ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കാന്‍ സാധിക്കും. കുംഭമേള നടക്കുന്ന അവസരത്തില്‍ എല്ലാ സംസ്ഥാനത്തു നിന്നുള്ള പോലീസുകാരുടെ സേവനവും ആവശ്യപ്പെടാറുണ്ട്. ഇവര്‍ ഇവിടെ ദിവസങ്ങളോളം താമസിച്ചാണ് അതത് സംസ്ഥാനത്തുള്ള പ്രതികളുണ്ടോയെന്ന് പരിശോധിക്കുന്നത്.
സൈബര്‍ ഡോമിന്റെ ഡ്രോണ്‍ സംവിധാനത്തിലൂടെ ഇത്തരം സങ്കീര്‍ണമായ ജോലികള്‍ പോലീസിന് എളുപ്പത്തില്‍ നിര്‍വഹിക്കാനാവുമെന്നാണ് പറയുന്നത്. അടുത്ത തൃശൂര്‍ പൂരത്തിലും ഡ്രോണ്‍ വഴി കുറ്റവാളികളെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.