ചെറുതുരുത്തി: വീട്ടിൽ കയറി വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ചെറുതുരുത്തി കാട്ടിൽമന റോഡിന് സമീപം താമസിക്കുന്ന മണ്ണേക്കാട്ട് വീട്ടിൽ പരേതനായ ശിവശങ്കരന്റെ മകൾ ചിത്രയാണ് (48) ഇന്നലെ രാത്രി പത്തുമണിയോടെ വെട്ടേറ്റ് മരിച്ചത്.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് മണ്ണാർക്കാട് സ്വദേശി മോഹനനെയും സംഘത്തെയുമാണ് പോലീസ് തെരയുന്നത്. രാത്രി പത്തുമണിയോടെ ചിത്രയുടെ വീട്ടിലെത്തിയ ഭർത്താവ് മോഹനൻ അടക്കം നാലംഗ സംഘം വാതിലിൽ മുട്ടി. വാതിൽ തുറന്ന ചിത്രയെ ഇവർ ആയുധം ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയായിരുന്നെന്ന് പറയുന്നു.
ചിത്രയുടെ അമ്മ ലക്ഷ്മിക്കുട്ടിയും സുഖമില്ലാത്ത ഒരു സഹോദരനുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. നിലവിളികേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടുകയായിരുന്നു. നാട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് അക്രമികൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അയൽവാസികളും അടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരൻ ബാബുരാജും ചേർന്ന് ചിത്രയെ ആദ്യം ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിത്ര പാലക്കാട് പ്രവർത്തിക്കുന്ന ഒരു അനാഥാലയത്തിന്റെ സുപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.
കുറച്ച് നാളുകളായി ഭർത്താവുമായി പിണങ്ങി ചെറുതുരുത്തിയിലെ വസതിയിലായിരുന്നു താമസം. കുന്ദംകുളം എസിപി ടി.എസ്. സിനോജ് ,വടക്കാഞ്ചേരി സിഐ എം.മാധവൻകുട്ടി, ചെറുതുരുത്തി എസ്ഐ വി.പി. സിബീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി.