അഗളി :ചെമ്മണ്ണൂരിൽ ഭവാനിപ്പുഴക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വനംവകുപ്പ് വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശർമിള മരിച്ചു. കഴിഞ്ഞ 27 ന് ഡ്രൈവർ മുഹമ്മദ് ഉബൈദ് മരിച്ചിരുന്നു.
ഡിസംബർ 24ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പുതൂർ പൊട്ടിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ഷൻ കഴിഞ്ഞ് മടങ്ങവേ ചെമ്മണ്ണൂർ പാലത്തിൽ നിന്നും ഭവാനി പുഴയിലേക്ക് വനംവകുപ്പിന്റെ വാഹനം പതിക്കുകയായിരുന്നു. വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങി.
സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി ഡ്രൈവർ ഉബൈദിനെ ആദ്യം കരക്കെത്തിച്ചു. ഉബൈദ് പറഞ്ഞതനുസരിച് നടത്തിയ തിരച്ചിലിൽ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശർമിള ജയറാമിനെ കരക്കെത്തിക്കുകയായിരുന്നു. നേരിയ ഹൃദയസ്പന്ദനം മാത്രമുണ്ടായിരുന്ന ശർമിളക്ക് ഇതുവരെ ബോധം തിരിച്ചു കിട്ടിയിട്ടില്ല.
പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ കഴിയുകയായുരുന്നു ശർമിള ജയറാം.അട്ടപ്പാടിയിൽ കഴിഞ്ഞ രണ്ടുവർഷമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭത്തിൽ ഭവാനിപ്പുഴ കവിഞ്ഞൊഴുകി ചെമ്മണ്ണൂർ പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. മാധ്യമങ്ങൾ പലതവണ പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല.
വീതികുറഞ്ഞ പാലത്തിന്റെ മധ്യഭാഗത്തുനിന്നാണ് വനം വകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് വീണത് മരിച്ച മുഹമ്മദ് ഉബൈദ് ഒരുമാസമായി വനംവകുപ്പിൽ താത്കാലിക ഡ്രൈവറാണ്.