തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ എൽഎസ്ജിഡി എൻജിനിയറിംഗ് വിഭാഗത്തിന് പ്രവർത്തിക്കാൻ ഉപയുക്തമായ കെട്ടിടമില്ല. ഇതേത്തുടർന്ന് ഒരു വർഷത്തോളമായി പൊതുജനങ്ങളുടെ വായനാസൗകര്യങ്ങളുൾപ്പെടെ നിഷേധിച്ചു പഞ്ചായത്തിന്റെ ഗ്രന്ഥാലയവും വായനശാലയും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് എൻജിനിയറിംഗ് വിഭാഗം ചേക്കേറിയത്.
രണ്ടുമാസം കൊണ്ടു പുതിയ കെട്ടിടം നിർമിച്ചു ഗ്രന്ഥാലയം വിട്ടുകൊടുക്കാമെന്നറിയിച്ചിട്ട് ഒരു വർഷം പൂർത്തിയാവുമ്പോഴും എൽഎസ്ജിഡി വിഭാഗം കെട്ടിടത്തിന്റെ അടിത്തറ പോലുമിട്ടിട്ടില്ല.
എൽഎസ്ജിഡിയുടെ പഴയ കെട്ടിടത്തിൽ ചോർച്ച ഉണ്ടായതാണ് വായനശാലയിലേക്ക് ഇവരുടെ ഓഫീസ് മാറ്റാൻ കാരണമായി പറയുന്നതെങ്കിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ തന്നെ ഉള്ള നിരവധി കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് നൂറുകണക്കിന് വായനക്കാർക്കും ഗ്രന്ഥാലയ പ്രവർത്തകർക്കും വായനയ്ക്കു തടസമുണ്ടാക്കി ഓഫീസ് പ്രവർത്തിക്കുന്നത്.
എൽഎസ്ജിഡി ഓഫീസ് കാര്യാലയം പണിയാൻ ലക്ഷങ്ങൾ പഞ്ചായത്ത് നീക്കിവച്ചിട്ടും കെട്ടിടനിർമാണം മാത്രം നടന്നില്ല. പഞ്ചായത്തിലെ 21 വാർഡുകളിലും നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചും പദ്ധതികൾ രൂപപ്പെടുത്തിയും പ്രവർത്തനങ്ങൾ നടത്തിവരുന്ന ഉദ്യോഗസ്ഥർക്ക് സ്വന്തം ഓഫീസ് കെട്ടിടം നിർമിക്കാൻ വൈമുഖ്യം എന്താണെന്ന ചോദ്യമാണ് നാട്ടുകാരിൽ നിന്ന് ഉയരുന്നത്.