കൊട്ടാരക്കര: വെളിയത്ത് തോട്ടിൽ രണ്ട് മാസം പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെസന്ധ്യയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവിടെ നിന്നും മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങൾ അഴുകി അടർന്ന് പോയതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുമ്പോൾ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. നെടുമൺകാവ് ആറ്റിൽ വെളിയം പടിഞ്ഞാറ്റിൻകര ഇഞ്ചക്കുഴി ഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട് വൃത്തിയാക്കിവരികയായിരുന്നു. ഇവിടെ ഇഞ്ച വളർന്ന് നിൽക്കുന്ന ഭാഗം വെട്ടിയൊതുക്കിയപ്പോഴാണ് പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി പൊലീസ് കേസെടുത്തു.മൃതദേഹംകൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ.