പാപ്പിനിശേരി: നിരീക്ഷണ കാമറകളെ വെല്ലുവിളിച്ച് പാപ്പിനിശേരി പഞ്ചായത്തിലെ പഴയങ്ങാടി റോഡ് ജംഗ്ഷനിലും സമീപത്തെ പാതയോരത്തും മാലിന്യം തള്ളുന്നു.റോഡിനു സമീപത്തെ കണ്ടൽ ക്കാട്ടിനുള്ളിലാകെ അറവ് മാലിന്യങ്ങൾ ചാക്കുകളിൽ നിറച്ച് തള്ളിയ നിലയിലാണ്. വളപട്ടണം പാലത്തിന്റെ താഴെ ഇരുഭാഗത്തും മാലിന്യ ചാക്കുകളുടെ കൂമ്പാരമാണ്. ഏറേയും അറവ് മാലിന്യങ്ങളാണ് ഇവിടെ തള്ളിയിരിക്കുന്നത്.
മാലിന്യം തള്ളുന്നത് തടയുന്നതിനായി ഇവിടെ കാമറകൾ സ്ഥാപിച്ചതിനെ തുടർന്നു കാമറ ഇല്ലാത്ത മേഖലയിലാണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. കാമറയുടെ പരിധിയിൽ മാലിന്യം തള്ളിയാൽ പഞ്ചായത്ത് അധികൃതർക്ക് അപ്പപ്പോൾ വിവരം ലഭിക്കുന്ന സംവിധാനത്തോടു കൂടിയുള്ള കാമറയാണ് സ്ഥാപിച്ചത്.
ഇതു മനസിലാക്കിയവർ കാമറയുടെ നിരീക്ഷണ പരിധിയില്ലാത്ത പ്രദേശം മാലിന്യംതള്ളൽ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുകയാണ്. മാലിന്യ നിക്ഷേപത്തിനെതിരെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൂടി നല്ല ബോധവത്കരണം അനിവാര്യമാണെന്ന് പാപ്പിനിശേരി ടൈംസ് കോ-ഓർഡിനേറ്റർ പ്രകാശൻ പാപ്പിനിശേരി ആവശ്യപ്പെട്ടു.