കൊണ്ടോട്ടി: കരിപ്പൂരിൽ വ്യോമയാന പാതയിൽ വിമാനങ്ങളുടെ സ്ഥാനം നിർണയിക്കുന്ന ഡിവിഒആർ (ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഒമ്നി റേഞ്ച്) ഇന്നുമുതൽ പ്രവർത്തനക്ഷമമാക്കും. ഡിവിഒആർ ഉപകരണത്തോടൊപ്പം സ്ഥാപിച്ച ഡിഎംഇ (ഡിസ്റ്റൻസ് മെർസറിംഗ് എക്യൂപ്മെന്റ്സ്) യുടെ സഹായത്തോടെയാണ് സംവിധാനം പ്രവർത്തനക്ഷമമാകുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു 300 കിലോമീറ്റർ വരെ ആകാശ ദൂരത്തുളള വിമാനങ്ങൾക്ക് സിഗ്നൽ നൽകാൻ കഴിവുള്ള ഉപകരണമാണിത്.
വിമാനങ്ങൾക്കു അവയുടെ സ്ഥാനത്തു നിന്നു വിമാനത്താവളത്തിലേക്കുള്ള ദിശ ഡിവിഒആർ മുഖേനയാണ് നൽകുന്നത്. എന്നാൽ വിമാനത്താവളത്തിൽ നിന്നു വിമാനത്തിലേക്കുള്ള ദൂരം ഡിഎംഇയും നൽകുന്നു. വിമാനത്തിൽ ഘടിപ്പിച്ച റസീവർ ഉപയോഗിച്ച് വിമാന പൈലറ്റിന് തന്റെ വിമാനത്തിന്റെ സ്ഥാനം നിർണയിക്കാനും ഇതുവഴി സാധിക്കും. വ്യോമയാന മേഖലയിൽ വിമാനങ്ങൾക്കു സുഗമമായി പറക്കാനുള്ള സാങ്കൽപിക റൂട്ടുകൾ ലഭ്യമാക്കുന്നത് ഈ ഉപകരണത്തിന്റെ സഹായത്തോടെയാണ്.
കരിപ്പൂരിലെ റണ്‍വേക്ക് പുറത്തു എയർപോർട്ട് ഓപ്പറേഷണൽ ഏരിയയിലാണ് ഉപകരണം സ്ഥാപിച്ചിട്ടുളളത്. 12 തൂണുകൾക്ക് മുകളിലായി വിന്യസിപ്പിച്ചിരിക്കുന്ന 49 ആന്റിനകളുടെ ഒരു റിംഗ് ഘടനയാണ് ഡിവിഒആറിനുള്ളത്. ഉയർന്ന ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്നതിനാലാണ് ഉപകരണത്തിനു എയർപോർട്ടിൽ നിന്നു 300 കിലോമീറ്റർ ദൂരം വരെയുളള വിമാനങ്ങൾക്കു സിഗ്നൽ നൽകാൻ കഴിയുന്നത്.
ഒരേ സമയത്ത് നിരവധി വിമാനങ്ങൾക്കു സഹായം നൽകാനും ഇതുവഴി സാധിക്കും. പുതിയ സംവിധാനത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം നാളെ സിഎൻഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ ബാനർജി നിർവഹിക്കും.