ഡെട്രോയിറ്റ്: തീപിടിച്ച് ആളിക്കത്തുന്ന വീടിന് മുന്നിൽ നിന്ന് ഫോട്ടോയെടുത്ത അഗ്നിശമന സേനാംഗങ്ങൾ വിവാദത്തിൽ. അമേരിക്കയിലെ ഡെട്രോയിറ്റ് സിറ്റി ഫയർ സേനാംഗങ്ങളാണ് ചിത്രമെടുത്തത്. സംഭവത്തിൽ മിഷിഗൺ അഗ്നിശമന വിഭാഗം അന്വേഷണം പ്രഖ്യാപിച്ചു.
രക്ഷാപ്രവർത്തന ദൗത്യത്തിനിടെ എടുത്ത ചിത്രം ‘ഡെട്രോയിറ്റ് ഫയർ ഇൻസിഡെന്റ്സ്’ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. “പുതുവർഷത്തിൽ ഒരു സെൽഫി എടുക്കാനായി ഒരു നിമിഷം എടുക്കുന്നു’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ചിത്രം. തീയണക്കാതെ ഫോട്ടോയെടുക്കുന്ന സേനാംഗങ്ങൾക്ക് നേരെ നിരവധി വിമർശനങ്ങൾ ഉയരുകയായിരുന്നു.
സംഭവത്തിൽ വിശദീകരണവുമായി ഡെട്രോയിറ്റ് സിറ്റി ഫയർ അധികൃതർ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ കാണുന്ന വീടും സമീപ വീടുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. സഹപ്രവർത്തകന്റെ വിരമിക്കൽ ആഘോഷമാക്കുന്നതിനാണ് ചിത്രം എടുത്തതെന്നും അധികൃതർ വിശദീകരിച്ചു.
എന്നാൽ ഈ ചിത്രം അനുചിതവും ഉദ്യോഗത്തിന് നിരക്കാത്തതാണെന്നും ഡെട്രോയിറ്റ് ഫയർ കമ്മീഷണർ എറിക് ജോൺസ് വിമർശിച്ചു. വിരമിക്കൽ ആഘോഷിക്കാൻ ധാരാളം മാർഗങ്ങളുണ്ട്. തീപിടിച്ച കെട്ടിടത്തിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കുന്നത് അവയിലൊന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ വിവാദമായതോടെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.