ശ്രീനഗർ: വീട്ടുതടങ്കലിലാണ് താനെന്ന് ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി. മുത്തച്ഛനും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയ്യിദിന്റെ ശവകുടീരം സന്ദർശിക്കാൻ ശ്രമിച്ച തന്നെ പോലീസ് തടഞ്ഞുവെന്നും അവർ പറഞ്ഞു.
അനന്ത്നാഗ് ജില്ലയിലുള്ള മുത്തച്ഛന്റെ ശവകുടീരം സന്ദർശിക്കാൻ പ്രത്യേകം അനുമതി തേടിയിരുന്നെങ്കിലും പോലീസ് തടയുകയായിരുന്നുവെന്നും ഇൽത്തിജ പറഞ്ഞു. തന്നെ തടവിലാക്കിയിരിക്കുകയാണെന്നും എവിടേയും പോകാൻ അനുവദിക്കുന്നില്ലെന്നും ഇൽത്തിജ ആരോപിച്ചു.
അതേസമയം സന്ദർശനവിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ടു മാത്രമാണ് സന്ദർശനം തടഞ്ഞതെന്നും വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്നും എഡിജിപി മുനീർ ഖാൻ പറഞ്ഞു.